ആലപ്പുഴ: പലിശ മുടങ്ങിയതിന്റെ പേരിൽ വീട് കയറി ഭീഷണിപ്പെടുത്തുകയും, തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നതായി ആരോപണം. വാദിയായ കുതിരപ്പന്തി മുട്ടത്തിപ്പറമ്പ് പി.പ്രശാന്തിൽ നിന്ന് മൊഴിയെടുത്തെങ്കിലും മർദ്ദനത്തിനു മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ആരോപണമുണ്ട്.

കുതിരപ്പന്തിയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഭാരവാഹികളുടെ ഇടപെടലാണ് പൊലീസിനെ സ്വാധീനിക്കുന്നതെന്ന് വാദിഭാഗം ആരോപിക്കുന്നു. അക്രമി സംഘം പ്രശാന്തിന്റെ വീട്ടിൽക്കയറി പ്രായമായ മാതാപിതാക്കളെ ഭീഷണപ്പെടുത്തുകയും, ഡ‌്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിലെ വാഹനം ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ വ്യത്യസ്ത പരാതികൾ നൽകിയിരുന്നെങ്കിലും കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു. 2019 മേയിലാണ് കുതിരപ്പന്തി സ്വദേശിയിൽ നിന്ന് പ്രശാന്ത് 50,000 രൂപ 15 ശതമാനം പലിശയ്ക്ക് വാങ്ങിയത്. ഡിസംബർ വരെ പലിശ നൽകി. ഡ്രൈവറായ താൻ ജോലി ആവശ്യത്തിന് കോഴിക്കോട് പോയതോടെയാണ് പലിശ മുടങ്ങിയതെന്ന് പ്രശാന്ത് പറയുന്നു.