ചേർത്തല:ജെ.എസ്.എസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ.സി.കെ.സീതാറാമിന്റെ നിര്യാണത്തിൽ ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് കടന്ന് വന്ന സീതാറാം എസ്.എഫ്.ഐയുടെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.തുടർന്ന് കമ്മ്യൂണിസ്റ് പാർട്ടിയുടെ അഭിഭാജ്യ ഘടകവും കേരളം കണ്ട വാഗ്മീകളിൽ പ്രമുഖനുമായിരുന്നു.വി.കെ.കൃഷ്ണമേനോൻ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ഇടതു സ്വതന്ത്റനായി മത്സരിച്ചു വിജയിച്ച ഘട്ടത്തിൽ കൃഷ്ണമേനോനെപ്പോലും അമ്പരപ്പിക്കുന്ന സംഘടനാ പാടവവും പ്രസംഗ ചാരുതയും പ്രകടിപ്പിച്ച വ്യക്തിയായിരുന്നു സീതാറാം.തിരുവനന്തപുരത്ത് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഘട്ടത്തിലാണ് ജെ.എസ്.എസ് രൂപീകരിക്കുന്നത്.മുഖ്യ സംഘാടകനായി മാറിയ ഇദ്ദേഹം 1996 ൽ കേരള നിയമസഭയിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ വാമനപുരം മണ്ഡലത്തിൽ മത്സരിക്കുകയും എതിർ സ്ഥാനാർത്ഥിക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തിരുന്നു.അസുഖ ബാധിതനായി തുടരുംമ്പോഴും തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ജെ.എസ്.എസ് നിർണായക സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തു.അദ്ദേഹത്തിന്റെ വേർപാട് ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് പി.രാജു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ, വി.കെ.അംബർഷൻ,പി.സി.സന്തോഷ്,യു.കെ.കൃഷ്ണൻ,റെജി റാഫേൽ,എൻ.പ്രകാശൻ എന്നിവർ സംസാരിച്ചു.