ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ജില്ലാ ആരോഗ്യവിഭാഗത്തിന്റെ ട്രോൾ വീഡിയോകളെല്ലാം ഒരമ്മ പെറ്റ മക്കളാണ്. ചേർത്തല വളവനാടുള്ള വിജയാനിവാസിലാണ് ഇവയുടെ ജനനം. കലാഭവൻ കണ്ണനുണ്ണിയുടെ ആശയത്തിന് ഭാര്യ അനുവിന്റെ ശബ്ദം നൽകിയപ്പോൾ ഏറെ സ്വീകാര്യതയുള്ള അവബോധന വീഡിയോകൾ അവിടെ പിറന്നു.
ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ പുതുവഴി തേടിയ ജില്ലാ ആരോഗ്യ വിഭാഗം മാസ് മീഡിയ ഓഫീസർ സുജ യാദൃശ്ചികമായാണ് കണ്ണനുണ്ണി തയ്യാറാക്കിയ വീഡിയോ ഫേസ്ബുക്കിൽ കണ്ടത്. ടൈറ്റാനിക് സിനിമയിൽ മുത്തശ്ശി റോസ് ഓർമ്മകൾ പങ്കുവയ്‌ക്കുന്ന രംഗം ഹാസ്യത്തിന്റെ മേമ്പൊടിൽ ഡബ് ചെയ്ത് കൊവിഡ് കാലത്തേതാക്കിയതായിരുന്നു രംഗം. ഇതേത്തുടർന്നാണ് മിമിക്രി കലാകാരനായ കണ്ണനുണ്ണിയെ ആരോഗ്യവിഭാഗം സമീപിച്ചത്. സിനിമാ രംഗങ്ങൾ ഉൾപ്പെടുത്തണമെന്നും, ഹാസ്യം വേണമെന്നുമായിരുന്നു അഭ്യർത്ഥന.
'റാംജിറാവു സ്പീക്കിംഗ്" എന്ന ചിത്രത്തിലെ കമ്പിളിപ്പുതപ്പ് സീനാണ് ആദ്യം തിരഞ്ഞെടുത്തത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഫോണിലൂടെ ക്ഷണിക്കുന്ന സ്ത്രീയോട് 'കേൾക്കുന്നില്ല....കേൾക്കുന്നില്ല" എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സീൻ ഒത്തുചേരലുകൾ ഒഴിവാക്കാം എന്ന ആശയവുമായി പുറത്തിറക്കി. കൊച്ചി ആകാശവാണിയിലെ മുൻ അനൗൺസറായിരുന്ന ഭാര്യ അനു ശബ്ദം നൽകി. സംഗതി ഹിറ്റായതോടെ വീണ്ടും വീഡിയോ തയ്യാറാക്കണമെന്നും കിലുക്കം സിനിമയിലെ സീനാകാമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. താൻ പോയ സ്ഥലങ്ങൾ അക്കമിട്ട് നിരത്തുന്ന കൊവിഡ് രോഗി രംഗത്തിനായി മോഹൻലാൽ - രേവതി കോമ്പിനേഷനാണ് ഉപയോഗിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി ലഭിച്ചതോടെ അനാവശ്യ യാത്രകൾ ഒഴിവാക്കാം എന്ന മുന്നറിയിപ്പോടെ ഈ വീഡിയോ ആരോഗ്യ വിഭാഗത്തിന്റെയും പി.ആർ.ഡിയുടെയും സൈറ്റുകളിലെത്തി.
അനു ഇരട്ടവേഷത്തിൽ
അനൗൺസറായിരുന്നപ്പോഴാണ് ചേർത്തല മായിത്തറ സ്വദേശിനി അനു ആകാശവാണിയുടെ യൂത്ത് ചാനലായ റെഡിൻബോയിൽ അവതാരകനായ കണ്ണനുണ്ണിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹിതരായി. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഉപഭോക്താക്കളുള്ള നാച്വറൽ കോസ്‌മെറ്റിക്ക് സ്ഥാപനമായ അനൂസ് ഹെർബ്സിന്റെ സി.ഇ.ഒ ആണ് അനു. മൂന്ന് വയസുകാരൻ മകൻ അപ്പുണ്ണിയും അവതരണ വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.
'ആരോഗ്യവകുപ്പിനായി അവബോധന വീഡിയോ തയ്യാറാക്കാൻ അവസരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ട്".
-കലാഭവൻ കണ്ണനുണ്ണി