കടലിൽ പോയവർക്ക് നിരാശ
അമ്പലപ്പുഴ: ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ അമ്പലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ വളഞ്ഞവഴി, അഞ്ചാലും കാവ്, പി.ബി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ മത്സ്യബന്ധനത്തിനിറങ്ങി.
യാനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അനുസരിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ അനുമതി. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ കടലിൽ പോകാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. പ്രതീക്ഷിച്ചതൊന്നും വലയിൽ ലഭിക്കാതെയാണ് മത്സ്യത്തൊഴിലാളികൾ തീരം തൊട്ടത്.
ട്രോളിംഗ് നിരോധന കാലത്തെ ചാകരക്കോള് കൈവിട്ട്, കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് താത്കാലികമായെങ്കിലും മോചനം നേടുമെന്ന പ്രതീക്ഷയിൽ ആരോഗ്യ വകുപ്പിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ മത്സ്യബന്ധനത്തിനു പുറപ്പെട്ട തൊഴിലാളികളാണ് കാര്യമായ നേട്ടം ലഭിക്കാതെ മടങ്ങിയത്. ലെെലാൻഡ്, മിനിട്രോളിംഗ്, പൊന്ത്, കോരുവള്ളങ്ങളാണ് പ്രധാനമായും മത്സ്യബന്ധനത്തിനിറങ്ങിയത്. അമ്പലപ്പുഴയ്ക്കു സമീപം കടൽ ശാന്തമായ പി.ബി ജംഗ്ഷൻ, അഞ്ചാലും കാവ് തീരങ്ങളിലാണ് വള്ളമടുത്തത്.
പി.ബി ജംഗ്ഷനിൽ നിന്നു പുറപ്പെട്ട 150 വള്ളങ്ങളിൽ 30 വള്ളങ്ങൾക്കും, അഞ്ചാലും കാവിൽ നിന്ന് പുറപ്പെട്ട 200 വള്ളങ്ങളിൽ 40 വള്ളങ്ങൾക്കുമാണ് അല്പമെങ്കിലും മത്സ്യം ലഭിച്ചത്. പി.ബി ജംഗ്ഷനിൽ 4816 കിലോ മത്സ്യവും, അഞ്ചാലും കാവിൽ 609.6 കിലോയുമാണ് ആകെ ലഭിച്ചത്.
ഇനങ്ങൾ ഏറെ, അളവ് കുറവ്
മണുങ്ങ്, കഴന്തൻ, നാരൻ ചെമ്മീൻ, പൂവാലൻ ചെമ്മീൻ, ഞണ്ട്, മൊരൽ, നങ്ക്, കോര, വേളൂരി, പല്ലിക്കോര, കൊഴുവ, ആവോലി തുടങ്ങിയ മത്സ്യങ്ങളുണ്ടായിരുന്നെങ്കിലും അളവിൽ കുറഞ്ഞത് തൊഴിലാളികളെ നിരാശരാക്കി. ലേലം വിളി ഒഴിവാക്കി പ്രാദേശിക ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തൂക്കിയാണ് വില്പന നടത്തിയത്. മത്സ്യബന്ധനം പുനരാരംഭിച്ച തീരപ്രദേശങ്ങളിൽ ഡി.ഐ.ജി കാളി രാജ് മഹേഷ് കുമാർ, ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു എന്നിവർ സന്ദർശിച്ചു.