14-bhoochalanam

തിരുവൻവണ്ടൂർ: തിരുവൻവണ്ടൂരിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന വാർത്തയെത്തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവൻവണ്ടൂർ പഞ്ചായത്തിലെ 4, 5, 12 വാർഡുകളിലാണ് ശബ്ദം കേട്ടതെന്ന് പറയുന്നു. വീടുകളി​ൽ നി​ന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഭൂചലനമാണെന്നാണ് കരുതിയത്. തിരുവൻവണ്ടൂർ ആങ്ങായിൽ ഭാഗത്തെ വീടുകൾക്ക് വിള്ളലുണ്ടായതായും പറയുന്നു.
വിവരമറിഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എം.പി, സജി ചെറിയാൻ എംഎൽഎ, ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരി, ഡി.ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാർ എന്നിവരും ജിയോളജി വകുപ്പ് അധിക‌ൃതരും സ്ഥലത്തെത്തി. മഴക്കാലത്തിനു ശേഷം ചില സ്ഥലങ്ങളിൽ രണ്ടുമൂന്ന് വർഷമായി കണ്ടുവരുന്ന പ്രതിഭാസമാണിതെന്ന് അവർ പറഞ്ഞു. ചെളിമാറി ഭൂജലം ഒഴുകിപ്പോകുന്ന സമയത്തുണ്ടാകുന്ന പ്രതിഭാസമാണ്. ആലപ്പുഴയുടെ തീരപ്രദേശങ്ങൾ മണൽ പ്രദേശമായതിനാൽ മണ്ണിടിയുകയും കിണർ താഴുകയും ചെയ്യാറുണ്ട്. ഏതാണ്ട് സമാനമായ ഭൂഘടനയാണ് ഇവിടെയും. ഇവിടെ 30 മീറ്റർ വെട്ടുകൽ പാളിയും ചെളിയും അതുകഴിഞ്ഞാൽ പാറയുമാണ്. പരിഭ്രാന്തരാകേണ്ടതില്ലെന്ന് മൈനിംഗ് ഹൈഡ്രോ ജിയോളജിസ്റ്റ് ബദറുദ്ദീൻ, ഗ്രൗണ്ട് വാട്ടർ ജിയോളജിസ്റ്റ് അനുരൂപ് എന്നിവർ പറഞ്ഞു. റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്ന് ആർ.ഡി.ഒ അറിയിച്ചു.