തുറവൂർ: നിറുത്തിയിട്ടിരുന്ന ചരക്കുലോറിയ്ക്ക് പിന്നിൽ കാർ ഇടിച്ചു കയറി റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കാറോടിച്ചിരുന്ന ചാരുംമൂട് നൂറനാട്പുതുപ്പള്ളി കൊച്ചു വീട്ടിൽ പടീറ്റതിൽ (സുകൃതം) കെ.കെ.മോഹനൻ (57) ആണ് മരിച്ചത്. ദേശീയപാതയിൽ പൊന്നാംവെളി പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ആയിരുന്നു അപകടം. പാലക്കാട്ടെ കുടുംബവീട്ടിൽ പോയ ശേഷം നൂറനാട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.കാറിൽ മോഹനൻ മാത്രമാണ് ഉണ്ടായിരുന്നത്. പാതയോരത്തെ മരത്തണലിൽ നിറുത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ കാർ നിയന്ത്രണം തെറ്റി ഇടിച്ചു കയറുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും പട്ടണക്കാട് പൊലീസും ചേർന്ന് ലോറിയ്ക്കടിയിൽപ്പെട്ട കാറിൽ നിന്ന് ഗുരുതര പരിക്കേറ്റ മോഹനനെ പുറത്തെടുത്ത് ചേർത്തലയിലെ സ്വകാര്യാ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മരിച്ച കെ.കെ.മോഹനൻ എൻ.ജി.ഒ യൂണിയന്റെ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റാണ്. സി.പി.എം നൂറനാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും നിലവിൽ എൽ.സി. അംഗവുമായിരുന്നു. ഭാര്യ:മിനി ( അദ്ധ്യാപിക, പാലക്കാട് വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്.എസ്) മക്കൾ: ഡോ: ജിത്തു, ഗംഗ ( എം ബി.ബി.എസ്. വിദ്യാർത്ഥിനി).