ചാരുംമൂട് : മലയാളക്കരയ്ക്ക് മികവാർന്ന മനോഹര ഗാനങ്ങൾ സമ്മാനിച്ചാണ് കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി യാത്രയായത്.
1936ൽ മാവേലിക്കര താലൂക്കിലെ ചുനക്കര കാര്യാട്ടിൽ കിഴക്കതിൽ കുടുംബത്തിലായിരുന്നു ജനനം. കരിമുളയ്ക്കൽ എൽ.പി.എസ്,
ചുനക്കര ഗവ.എച്ച്.എസ്.എസ്, പന്തളം എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. വ്യവസായ വകുപ്പിൽ ജോലി കിട്ടിയതോടെ താമസം തിരുവനന്തപുരത്തേക്ക് മാറ്റി. 2018 ൽ ചുനക്കര എച്ച്.എസ്.എസിലെ നവീകരിച്ച ആഡിറ്റോറിയം ഉദ്ഘാടനത്തിനാണ് അവസാനമായി നാട്ടിലെത്തിയത്. പരേതനായ ജേഷ്ഠൻ മാധവന്റെ മക്കളായ ഗോപി, മുരളി എന്നിവരാണ് കുടുംബവീട്ടിൽ താമസിക്കുന്നത്.
ചുനക്കര - ശ്യാം കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുഗാനങ്ങൾ ചലച്ചിത്രാസ്വാദകർക്ക് ഒരിയ്ക്കലും മറക്കാനാവില്ല. ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ എന്നു തുടങ്ങുന്ന ഒറ്റ ഗാനം കൊണ്ടു തന്നെ ചുനക്കരയെ മലയാളനാട് എക്കാലവും ഓർമ്മിക്കും.
ചുനക്കരയുടെ നിര്യാണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ്.രവി, സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർ, ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം വിശ്വൻ പടനിലം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി.വേണു, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര തുടങ്ങിയവർ അനുശോചിച്ചു.