ചേർത്തല:ക്ഷേത്ര ദർശനത്തിനെത്തിയ റിട്ട.അദ്ധ്യാപികയുടെ മൂന്നര പവന്റെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസിൽ ബി.ജെ.പി പ്രവർത്തകൻ ഉൾപ്പെടെ മൂന്നു പേരെ ചേർത്തല പൊലീസ് പിടികൂടി.
പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാർഡ് തിരുനെല്ലൂർ ആറുകണ്ടത്തിൽ ഷിബു (47),തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ കണ്ണങ്കര പിണ്ടമംഗലത്ത് സിബി ജോണി (29),തണ്ണീർമുക്കം കണ്ണങ്കര കുര്യൻവെളി ശിവപ്രസാദ് (29) എന്നിവരെയാണ് ചേർത്തല സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.മുഹമ്മ അയ്യപ്പഞ്ചേരിയിൽ ബൈക്കിലെത്തിയ സംഘം ഇന്നലെ രാവിലെ 7 മണിയോടെയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് 3-ാം വാർഡ് കൈതവളപ്പിൽ സേതുമാധവൻനായരുടെ ഭാര്യ റിട്ട.അദ്ധ്യാപിക സുമതിക്കുട്ടിയമ്മയുടെ (74) മാലപൊട്ടിച്ച് കടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ വൈകിട്ടോടെ പിടിയിലായത്.ചേർത്തല എസ്.ഐ ലൈസാദ് മുഹദ്,ജൂനിയർ എസ്.ഐ അഭിലാഷ്,എ.എസ്ഐ ലതീഷ് കുമാർ,സി.പി.ഒ മാരായ വിനിൽ,മനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ബി.ജെ.പി പ്രവർത്തകനായ ഷിബുവിനെതിരെ ചേർത്തല പൊലീസിൽ മാലമോഷണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ നിലവിലുണ്ട്.അടിപിടിയുൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. സ്വർണം വിൽക്കുന്നതിന് സഹായിച്ചയാളാണ് ശിവപ്രസാദ്. പ്രതികളെ മുഹമ്മ പൊലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.