നഷ്ടമാകുന്നത് വിലപ്പെട്ട സീസൺ
ആലപ്പുഴ: പെയിന്റടിച്ച് വീടുകളും സ്കൂളുകളുമൊക്കെ പുതുക്കിയിരുന്ന അവധിക്കാലം കൊവിഡ് കവർന്നതോടെ പെയിന്റ് വിപണി പ്രതിസന്ധിയിൽ. കൃത്യമായ ഇടവേളകളിൽ വീടുകൾ പെയിന്റ് ചെയ്തിരുന്നവർ പോലും ആഡംബരങ്ങളിൽ നിന്ന് ഇടത്തരത്തിലേക്ക് ചുവട്മാറ്റി.
വില കൂടുതലുള്ള എമൽഷൻ പെയിന്റുകൾക്ക് ആവശ്യക്കാരില്ലാതായി. അത്യാവശ്യം വാട്ടർ പ്രൂഫും, പോക്കറ്റിന് താങ്ങാവുന്നതുമായ പെയിന്റുകളാണ് ഉപഭോക്താക്കൾ വാങ്ങുന്നത്. രണ്ട് പ്രളയങ്ങളോടെ പലരും വാട്ടർ പ്രൂഫ് ഉത്പ്പന്നങ്ങളിലേക്ക് തിരിഞ്ഞിരുന്നു. അവശ്യ സാധനങ്ങളുടെ പട്ടികയിൽപ്പെടാത്തതിനാൽ തന്നെ ഇത്തവണ ടാർജറ്റിൽ എത്തിച്ചേരാൻ പെയിന്റ് കമ്പനികൾക്ക് സാധിക്കില്ലെന്ന് വിതരണക്കാർ പറയുന്നു.
പണി ലഭിക്കാതായതോടെ പെയിന്റ് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. സ്കൂൾ തുറപ്പിന് മുന്നോടിയായി കിട്ടിക്കൊണ്ടിരുന്ന പെയിന്റിംഗ് ക്വട്ടേഷൻ പൂർണമായും നഷ്ടപ്പെട്ടു. കല്യാണങ്ങൾ നീട്ടിവെയ്ക്കുകയും ആർഭാട രഹിതമാവുകയും ചെയ്തതോടെ ആ വഴിക്കുള്ള പണിയും കുറഞ്ഞു. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട പെയിന്റിംഗ് ജോലികളാണ് പേരിനെങ്കിലും ലഭിക്കുന്നത്. മുൻ കാലങ്ങളിൽ പ്രളയവും ഇത്തവണ വെള്ളപ്പൊക്കവും മൂലം, താഴ്ന്ന പ്രദേശങ്ങളിലെ കടകളിൽ സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് പുട്ടി നശിച്ചു പോകുന്ന സ്ഥിതിയുമുണ്ടായി. വേനലവധിയും മലയാള മാസാരംഭമായ ചിങ്ങത്തിനു മുന്നോടിയുമായാണ് പെയിന്റിന് കേരളത്തിൽ കൂടുതൽ വില്പന നടക്കുന്നത്.
..............................
# വിലനിലവാരം
ലക്ഷ്വറി എമൽഷൻ പെയിന്റുകൾ: 20 ലിറ്ററിന് 9000 - 10,000
മീഡിയം സ്റ്റാൻഡേർഡുള്ളവ: 20 ലിറ്ററിന് 6000
..............
ഉപഭോക്താക്കൾക്ക് പ്രിയം കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന പെയിന്റുകൾ
..........................
ഒരു പെയിന്റ് കമ്പനിക്കും ഇത്തവണ ടാർജറ്റ് നേടാൻ സാധിക്കില്ല. സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ ഉപഭോക്താക്കൾ ലക്ഷ്വറി ഉത്പന്നങ്ങൾ വേണ്ടെന്ന് വെയ്ക്കുകയാണ്. വില്പനയിലെ ഇടിവിനൊപ്പം ടാക്സ് ഇനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളും തലവേദന സൃഷ്ടിക്കുകയാണ്
ജി.മോഹനൻ, ബിപിൻ ഏജൻസീസ്, മാവേലിക്കര