ജില്ലയിൽ ആദ്യ പരീക്ഷണം
ആലപ്പുഴ: ശ്വാസതടസം ഒഴിവാക്കാൻ ശ്വാസ നാളത്തിൽ സ്റ്റെന്റ് ഘടിപ്പിക്കുന്ന ചികിത്സാ രീതി ജില്ലയിൽ വിജയം. ചേർത്തല പ്രത്യാശ കാൻസർ സെന്ററിൽ ചികിത്സയിലുള്ള 72 കാരനായ രോഗിയിലാണ് സ്റ്റെന്റ് ഘടിപ്പിച്ചത്.
സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.സുരിജ്സാലിഹ്, പൾമണോളജിസ്റ്റ് ഡോ.സായ് ലാൽ, അനസ്തീഷിയോളജിസ്റ്റ് ഡോ.വിജയകുമാർ എന്നിവരാണ് മേൽനോട്ടം വഹിച്ചത്. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടാണ് അന്നനാള കാൻസറിന്റെ പ്രധാന ലക്ഷണം. എന്നാൽ വളരെ വിരളമായി അന്നനാള കാൻസർ ശ്വാസനാളത്തെ ബാധിക്കുമ്പോൾ രോഗിക്ക് കടുത്ത ശ്വാസതടസം ഉണ്ടാവും. ഈ സാഹചര്യത്തിൽ രോഗിക്ക് റേഡിയേഷൻ ചികിത്സ നൽകുന്നത് ശ്രമകരമാണ്. സ്റ്റെന്റ് ഘടിപ്പിച്ച് ശ്വാസോഛ്വാസം ക്രമപ്പെടുത്തിയാൽ കാര്യങ്ങൾ സുഗമമാവും.
കേരളത്തിൽ എറണാകുളത്തെ ചുരുക്കം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ ചികിത്സാ രീതിക്ക് സൗകര്യമുള്ളത്. സർക്കാർ മെഡി. ആശുപത്രികളിൽ ഇതിനുള്ള സൗകര്യമില്ല.
പ്രത്യാശയിൽ ചികിത്സ സൗജന്യം
നിക്കലും ടൈറ്റാനിയവും ചേർത്തുള്ള 'നിറ്റിനോൾ' എന്ന മെഡിക്കൽ അലോയ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള സ്റ്റെന്റ് സ്വയം വികസിക്കാൻ കഴിവുള്ളതാണ്. 30,000- 40,000 ആണ് വില.മറ്റ് ആശുപത്രികളിൽ ഈ ചികിത്സയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. പ്രത്യാശയിൽ സ്റ്റെന്റിന്റെ വില മാത്രമാണ് ഈടാക്കിയത്.
രോഗിയുടെ ശരീരവുമായി സ്റ്റെന്റ് ഇണങ്ങിക്കഴിഞ്ഞാൽ ഏറെക്കാലം ഫലപ്രദമായി പ്രവർത്തിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.