അമ്പലപ്പുഴ:ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മറികടന്ന്, തോട്ടപ്പള്ളി തുറമുഖത്ത് മത്സ്യ വിപണനം ഹാർബർ എൻജിനീയറിംഗ് വകുപ്പ് നിരോധിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
വ്യാഴാഴ്ച മുതലാണ് ജില്ലയിൽ മത്സ്യബന്ധനം പുനരാരംഭിച്ചത്. ആദ്യ ദിവസമായ വ്യാഴാഴ്ച ഇരട്ട അക്ക ബോട്ടുകളാണ് കടലിൽ പോയത്. വലിയഴീക്കലും മറ്റ് കേന്ദ്രങ്ങളിലുമാണ് ഇവ അടുത്തത്.ഇവിടങ്ങളിൽ നിന്ന് ലോറിയിൽ കയറ്റി മത്സ്യം വെള്ളിയാഴ്ച തോട്ടപ്പള്ളി തുറമുഖത്ത് വില്പന നടത്താനും നേരത്തെ അനുമതി നൽകിയിരുന്നു.എന്നാൽ വ്യാഴാഴ്‌ച രാത്രി ഒമ്പതോടെയാണ് തുറമുഖത്ത് മത്സ്യ വിപണനം പാടില്ലെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചത്. ഇതോടെ ഏകദേശം 24000 കിലോ മത്സ്യം കെട്ടിക്കിടക്കുകയാണ്. നേരത്തെ നൽകിയ നിർദേശമനുസരിച്ച് തോട്ടപ്പള്ളി തുറമുഖത്ത് തന്നെ വിപണനം നടത്താൻ അനുമതി നൽകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.