s

 സാമ്പിൾ നൽകിയവർ ആശങ്കയിൽ

ആലപ്പുഴ: കൊവിഡ് പരിശോധനയ്ക്കുള്ള സാമ്പിളുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഫലം വൈകുന്നു. ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് ഫലം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് അധികൃതർ പറയുമ്പോഴും പരാതികൾക്ക് കുറവില്ല.

സാമ്പിൾ എടുത്ത് ഒരാഴ്ചയിലധികം കാത്തിരുന്ന ശേഷമാണ് പലർക്കും ഫലം ലഭിക്കുന്നത്. അപ്പോഴേക്കും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ടാവും. ആലപ്പുഴ സ്വദേശിയായ പെൺകുട്ടി നിരീക്ഷണ കാലാവധി കഴിഞ്ഞിറങ്ങിയ ശേഷമാണ് പോസിറ്റീവാണെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം കിട്ടിയത്. അപ്പോഴേക്കും കുടുംബാംഗങ്ങളുമായി അടുത്ത് ഇടപെട്ടിരുന്നു. നിലവിൽ ശക്തി ഓഡിറ്റോറിയത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണിവർ. ഇത്തരം സംഭവങ്ങൾ അതത് പ്രദേശങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പരിശോധനയ്ക്ക് വിധേയരാകുന്നവരെ ഫലം അറിയിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. റിസൾട്ട് നെഗറ്റീവ് ആകുന്നവരെയാണ് പലപ്പോഴും ഫലം അറിയിക്കാതിരിക്കുന്നത്. പരമാവധി മൂന്ന് ദിവസത്തിനകം ഫലം അറിയിക്കാമെന്ന് പറയുമെങ്കിലും രണ്ടാഴ്ചവരെ നീളുന്നുണ്ട്.

 സ്രവം കുറവ്

പരിശോധനയ്ക്കെടുക്കുന്ന സ്രവത്തിന്റെ തോതിലുള്ള കുറവാണ് മറ്റൊരു പ്രതിസന്ധി. ലാബിൽ പരിശോധിക്കാൻ തുടങ്ങുമ്പോഴാണ് അളവ് പര്യാപ്തമല്ലെന്ന് വ്യക്തമാകുന്നത്. ഇവരെ ദിവസങ്ങൾക്കു ശേഷം വീണ്ടും വിളിച്ച് സ്രവം എടുക്കുന്ന സംഭവങ്ങളുമുണ്ട്. ഫലം വരാൻ വൈകുന്നത് തിരികെ ജോലിയിൽ പ്രവേശിക്കുന്നതടക്കമുള്ള കാര്യങ്ങളെ ബാധിക്കുന്നുണ്ട്. സ്വകാര്യ ലാബുകളിൽ പരിശോധനാഫലം വേഗം ലഭിക്കുമെങ്കിലും നിരക്ക് കൂടുതലാണ്.

..............................

 സ്വകാര്യ ലാബുകളിലെ നിരക്ക്

ആർ.ടി.പി.സി.ആർ- 2750
എക്‌സ്‌പേർട്ട് നാറ്റ് ടെസ്റ്റ്- 3000
ട്രൂ നാറ്റ് ടെസ്റ്റ് - ആദ്യ ഘട്ടം: 1500
ട്രൂ നാറ്റ് ടെസ്റ്റ് - രണ്ടാം ഘട്ടം (പോസിറ്റീവ് ആയവർക്ക് വേണ്ടി) - 1500 രൂപ

..........................

സാമ്പിൾ എടുത്താൽ ഫലം അറിയിക്കാനുള്ള കടമയും ആരോഗ്യവകുപ്പിനുണ്ട്. നെഗറ്റീവാണെന്ന പേരിൽ രണ്ടാഴ്ചയോളം ഫലം അറിയിച്ചില്ല. ഇത്ര ദിവസവും കാര്യമറിയാതെ പേടിച്ച് കഴിയുകയായിരുന്നു

കുട്ടനാട് സ്വദേശിയായ യുവാവ്

കൊവിഡ് ഇന്നലെ 113 പേർ

നിരീക്ഷണത്തിലിരുന്ന ഒരാൾ മരിച്ചു


ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഏഴു കുട്ടികളും 45 സ്ത്രീകളും ഉൾപ്പെടെ 113 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 99 പേർക്കാണ് രോഗബാധ.

ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 1281 ആയി. ഇന്നലത്തെ രോഗബാധിതരിൽ 13 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തു നിന്നും എത്തിയയാണ്. 66 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 1788 പേർരോഗ മുക്തരായി. രോഗ മുക്തരായവരിൽ 55 പേർ സമ്പർക്കത്തിലൂടെയും ആറു പേർ വിദേശത്തുനിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.നിരീക്ഷണത്തിൽ കഴിഞ്ഞ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ വെളിയിൽ വീട്ടിൽ റോബർട്ട് (82) ഇന്നലെ മരണമടഞ്ഞു. ഇയാളുടെ ശ്രവപരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ കൊവിഡാണെന്ന് സ്ഥിരീകരിക്കാനാവൂ. ജില്ലയിൽ ഇതുവരെ 17 പേർ മരിച്ചു.

................................

# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 7373

# ആലപ്പുഴ മെഡി.ആശുപത്രിയിൽ: 341

# ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 48

# തുറവൂർ ഗവ.ആശുപത്രിയിൽ: 64

# കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:236