അമ്പലപ്പുഴ: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വണ്ടാനം കിഴക്ക് ചാണയിൽ വാടകയ്ക്ക് താമസിക്കുന്ന സ്റ്റീഫൻ -ത്രേസ്യാമ്മ ദമ്പതികളുടെ മകൻ സാം സ്റ്റീഫന് (30) ജോയ് ആലൂക്കാസ് വക 50,000 രൂപ സഹായം. തകഴി കുന്നുമ്മയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സാമിന്റെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ മാസമാണ് നടന്നത്. തകഴി പഞ്ചായത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ധന സമാഹരണത്തിലൂടെയാണ് ശസ്ത്രക്രിയയ്ക്കുള്ള തുക കണ്ടെത്തിയത്. മാതാവ് ത്രേസ്യാമ്മയാണ് വൃക്ക നൽകിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സാമിന്റെ ചികിത്സയ്ക്കും വീട്ടു വാടകയ്ക്കും മറ്റ് ചെലവുകൾക്കുമായി കുടുംബം ബുദ്ധിമുട്ടുന്നത് കണ്ടറിഞ്ഞാണ് ജോയ് ആലുക്കാസ് ധനസഹായം നൽകിയത്. ആലപ്പുഴ ബ്രാഞ്ച്മാനേജർ ജെറിൻ ടി.ജോൺ, സാമൂഹ്യ പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി എന്നിവർ ചേർന്ന് തുക സ്റ്റീഫന് കൈമാറി. മാർക്കറ്റിംഗ് മാനേജർ ഷെഫീക്ക്, അക്കൗണ്ടന്റ് ഗോകുൽ എന്നിവരും പങ്കെടുത്തു.