ആലപ്പുഴ: ഓണക്കാല ഓഫറുകൾക്ക് കൊവിഡ് പൂട്ടുവീണതോടെ കമ്പനികൾ കയത്തിലേക്ക്. കാെവിഡ് മൂലം, ഉത്പാദനത്തിലുണ്ടായ ഇടിവിനെത്തുടർന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റോക്കിന്റെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളെ പൂർണമായി നിരോധിച്ചതോടെ, ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. ഇവയുടെ ഉത്പാദന ചെലവ് അധികമായതിനാൽ ഓഫറുകൾ നൽകുന്നത് കമ്പനികൾക്ക് നഷ്ടമാണ്.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉത്പന്നങ്ങളുടെ വിലയിലും കാര്യമായ വർദ്ധനവുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് രണ്ടായിരം രൂപ വരെ കൂടിയിട്ടുണ്ട്. വിലയിൽ ഓഫർ നൽകുന്നതിന് പകരം വാറണ്ടി കാലാവധി വർദ്ധിപ്പിക്കുന്ന സമീപനമാണ് ഇക്കുറി മിക്ക കമ്പനികളും സ്വീകരിച്ചിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് നടത്താറുള്ള നറുക്കെടുപ്പുകളും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീൻ, ടെലിവിഷൻ എന്നിവയ്ക്കാണ് ഓണ സീസണിൽ കൂടുതൽ കച്ചവടം നടക്കാറുള്ളത്. മികച്ച ഓഫറുകളെത്തുന്ന ഉത്സവസീസൺ ഉപഭോക്താക്കൾ കാത്തിരിക്കാറുമുണ്ട്.
വാങ്ങുന്ന സാധനങ്ങൾക്ക് വാറണ്ടി ലഭിക്കുമെന്നതാണ് ഏക ആശ്വാസം. പേരിനൊരു ഓഫർ പ്രഖ്യാപിക്കുന്ന കമ്പനികളുമുണ്ട്. ഗതാഗത സംവിധാനം പഴയപടി ആയിട്ടില്ലാത്തതിനാൽ സ്റ്റോക്ക് എത്തുന്നതിലും പരിമിതികളുണ്ട്.
................
# പ്രതിസന്ധികൾ
ചൈനീസ് ഉത്പന്നങ്ങളില്ല
ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾക്ക് വിലയേറെ
സ്റ്റോക്ക് എത്താൻ പ്രയാസം
പ്രമുഖ കമ്പനിയുടെ 32 ഇഞ്ച് ടി വിക്ക് കഴിഞ്ഞവർഷം വില:13,500
നിലവിൽ വില: 15,000
.........
ഇത്തവണ ഓഫറുകൾ പൊതുവേ കുറവാണ്. ഉത്പന്നങ്ങളുടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. അത്യാവശ്യത്തിനുള്ള ലോഡ് മാത്രമേ ഷോറൂമുകളിൽ എത്തുന്നുള്ളു
ഗൃഹോപകരണശാല ജീവനക്കാർ