മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി തിരുവിതാംകൂർ ദേവസ്വത്തിന്റെ കൊല്ലം ഗ്രൂപ്പിൽപെട്ട തിരുമുല്ലാവാരം ദേവസ്വത്തിലെ കെ.എസ് വിജയനെ (43) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. പെരുമ്പാവൂർർ കീഴില്ലം കവുങ്ങംപള്ളി ഇല്ലത്ത് ശംഭു നമ്പൂതിരിയുടെയും ദ്രൗപതി അന്തർജ്ജനത്തിന്റെയും മകനാണ്. ശബരിമല മുൻ മേൽശാന്തി എൻ.ബാലമുരളിയുടെ ശിക്ഷണത്തിലാണ് പൂജാകർമ്മങ്ങൾ പഠിച്ചത്.
2001 ഏപ്രിൽ 8ന് കലൂർ മഹാദേവർ ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനം ആരംഭിച്ചു. ആറാട്ടുകാവ്, പൂവൻപുഴ, ചാത്തോലി, ദേവസ്വങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കൊല്ലം വിഷ്ണത്തു കാവ് ദേവസ്വം മേൽശാന്തിയാണ്. ആദ്യമായാണ് ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് അപേക്ഷിക്കുന്നത്. ഭാര്യ: ഹരിപ്പാട് ചേരിപ്പള്ളിൽ ഇല്ലത്ത് പ്രീത. മക്കൾ: വിവേക് നമ്പൂതിരി, വരുൺ നമ്പൂതിരി. വിജയന്റെ പിതാവ് ശംഭു നമ്പൂതിരി 40 വർഷം ദേവസ്വം ശാന്തിയായിരുന്നു. സഹോദരങ്ങൾ: ജയൻ (തിരുവനന്തപുരം പട്ടത്ത് കെ.എസ്.ഇ.ബി സീനിയർ അസിസ്റ്റന്റ്), ഉഷ.