tv-r

തുറവൂർ: ദേശീയ പാതയോരത്തെ കോടംതുരുത്ത് പഞ്ചായത്ത് ഓഫീസിൽ മോഷണം. സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 920 രൂപ നഷ്ടമായി. പഞ്ചായത്ത് ലൈബ്രേറിയൻ ഇന്നലെ രാവിലെ ഓഫീസ് തുറക്കുവാൻ എത്തിയപ്പോഴാണ് ഓഫീസിന്റെ പ്രധാനവാതിൽ തുറന്ന നിലയിൽ കണ്ടത്. പഞ്ചായത്ത് പ്യൂൺ ക്വാറന്റീനിലായതിനാൽ ലൈബ്രേറിയനാണ് ഓഫീസ് തുറക്കുന്നത്.പഞ്ചായത്ത് സെക്രട്ടറി ലീവിലായിരുന്നതിനാൽ അസി,സെക്രട്ടറിയുടെ പരാതിയിൽ കുത്തിയതോട് പൊലീസ് എത്തി ഓഫീസിൽ പരിശോധന നടത്തി. ഓഫീസിനുള്ളിലെ ഫയലുകൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലും മേശവലിപ്പുകൾ തുറന്ന് കിടന്ന നിലയിലുമായിരുന്നു. പഞ്ചായത്ത് ഓഫീസിന്റെ വാതിലുകളുടെ പൂട്ടുകളൊന്നും തകർക്കാതെ മോഷ്ടാവ് ഉള്ളിൽ കയറിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഉച്ചയ്ക്ക് ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ഓഫീസ് പരിശോധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി വിവിധ വാർഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പുരയിടങ്ങൾ മണ്ണിട്ട് ഉയർത്തുന്ന പദ്ധതിയുടെ നടത്തിപ്പിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട 3 ഫയലുകൾ ഇന്നലെ സംഭവത്തെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. പിന്നീട് ഓഫീസിനുള്ളിൽ അവ കണ്ടെത്തി. പഞ്ചായത്ത് ഓഫീസിൽ നടന്ന .മോഷണത്തെക്കുറിച്ച് വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. ചിത്രം: :കോടംതുരുത്ത് പഞ്ചായത്ത് ഓഫീസിൽ ഡോഗ് സ് ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ.