ambala

അമ്പലപ്പുഴ:ആലപ്പുഴ മെഡി. ആശുപത്രിയിൽ അത്യാധുനിക സി. ടി സ്കാൻ യന്ത്രത്തിന്റെ ട്രയൽ റൺ ആരംഭിച്ചു.

മെഡി.ആശുപത്രി ആലപ്പുഴയിൽ നിന്നു വണ്ടാനത്തേക്ക് മാറ്റിയ 2007 ൽ തന്നെ പഴക്കം ചെന്ന സ്കാനറും വണ്ടാനത്തേക്ക് മാറ്റിയിരുന്നു. അന്നു മുതൽ നിരവധി തവണയാണ് പല രീതിയിലും ഈ യന്ത്രത്തിന് തകരാർ സംഭവിച്ചത്. മാസത്തിൽ ഒരു തവണയെങ്കിലും നിലവിലുള്ള യന്ത്രം പണി മുടക്കിയിരുന്നു. വണ്ടാനത്ത് നിന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും മറ്റ് സ്വകാര്യ ലാബുകളിലും എത്തിച്ചാണ് സ്കാനിംഗ് ചെയ്തിരുന്നത്. ഇക്കാര്യങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാം ലാൽ, റേഡിയേഷൻ വിഭാഗം മേധാവി ഡോ.ജോസി എന്നിവർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിദേശ നിർമ്മിത സി.ടി സ്കാൻ യന്ത്രം നെതെർലാൻഡിൽ നിന്ന് എത്തിച്ചത്.

നിലവിലെ യന്ത്രത്തിന്റെ കാലപ്പഴക്കത്തെ തുടർന്ന് ദിനം പ്രതി 30-50 പേരുടെ രോഗ നിർണ്ണയം മാത്രമേ നടത്താൻ കഴിയുന്നുള്ളൂ. പുതിയ യന്ത്രത്തിൽ 100ൽ ഏറെ ചെയ്യാൻ കഴിയും. രണ്ടര കോടി വിലയുള്ള യന്ത്രം ഈ മാസം അവസാനത്തോടെ പൂർണ രീതിയിൽ പ്രവർത്തന സജ്ജമാകും.