ആലപ്പുഴ: പാതിരപ്പള്ളി എക്‌സൽ ഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളി സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.

എട്ടുവര്‍ഷമായി പൂട്ടിയിട്ടിരിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി തൊഴിലാളി സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. അടുത്തമാസം എട്ടിന് കേസിന്റെ വിധി വരാനിരിക്കെ ഗ്ളാസ് ഫാക്ടറിയും 21 ഏക്കര്‍ സ്ഥലവും വില്പന നടത്താന്‍ ലിക്വഡേറ്റര്‍ നടപടി സ്വീകരിച്ചു. നിലവിലെ നിയമം അനുസരിച്ച് തൊഴിലാളികളുടെ രണ്ടുവര്‍ഷത്തെ പൂര്‍ണമായ വേതനവും അനുബന്ധ ആനുകൂല്യവും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് ഭീമമായ തുകവരുമെന്നതിനാല്‍ വിറ്റുകിട്ടുന്ന തുകയില്‍ നാലുകോടി രൂപ തൊഴിലാളികള്‍ക്ക് കൊടുക്കാമെന്ന നിലപാടിലാണ് മാനേജ്മെന്റ്. 560 തൊഴിലാളികളാണ് ഫാക്ടറി പൂട്ടുമ്പോഴുണ്ടായിരുന്നത്. മാനേജ്മെന്റ് നല്‍കാമെന്ന് പറഞ്ഞ തുക സര്‍ക്കാരിലേക്ക് നല്‍കിയശേഷം വിതരണം ചെയ്യുന്നതിന് എതിര്‍പ്പില്ലെന്ന് തൊഴിലാളി സംഘടനകളില്‍ നിന്ന് സമ്മതപത്രം വാങ്ങാനായിരുന്നു മന്ത്രിയും ലേബര്‍ കമ്മിഷന്‍ സെക്രട്ടറി ശശിധരനും വീഡിയോ കോണ്‍ഫറന്‍സിലുടെ ഇന്നലെ യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത യു.ടി.യു.സി, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി പ്രതിനിധികള്‍ ഇതിനെ എതിര്‍ത്തു. വിറ്റുകിട്ടുന്ന തുക ഉപാധികളില്ലാതെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണമെന്ന് യു.ടി.യു.സി എക്‌സല്‍ ഗ്ളാസ് ഫാക്ടറി യൂണിയന്‍ സെക്രട്ടറി സന്തോഷ് ആവശ്യപ്പെട്ടു. ഇതേ ആവശ്യംതന്നെയാണ് മറ്റുയൂണിയനുകളും ഉന്നയിക്കുന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത സി.ഐ.ടി.യു, ബി.എം.എസ് നേതാക്കള്‍ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല.