ആലപ്പുഴ: കൈനകരി പഞ്ചായത്ത് വലിയകരി പാടശേഖരത്തിലെ പുറംബണ്ടിന് സമീപം സർവീസ് ബോട്ട് ചാലിൽ താഴ്ത്തിയ തെങ്ങിൻ കുറ്റികൾ അപകടഭീഷണി ഉയർത്തുന്നു.
പ്രളയത്തിൽ ജലനിരപ്പ് ഉയരുന്നതിനാൽ തെങ്ങിൻ കുറ്റികൾ പലതും വെള്ളത്തിൽ മുങ്ങി നൽക്കുകയാണ്. യാത്രാ ബോട്ടുകൾ ഇവയിൽ തട്ടുന്നത് പതിവായി. ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ,നെടുമുടി,പുളിങ്കുന്ന്, കാവാലം സ്റ്റേഷനുകളിലെ ബോട്ടുകൾ സർവ്വീസ് നടത്തുന്ന ജല പാതയിൽ നവരശ്മി, ഇ.എം.എസ് ജെട്ടികൾക്ക് മദ്ധ്യേ നാട്ടിയിരിക്കുന്ന തേങ്ങിൻ കുറ്റികളാണ് കുഴപ്പമുണ്ടാക്കുന്നത്.
കഴിഞ്ഞ പ്രളയത്തിൽ കൈനകരി വലിയകരിപാടത്ത് ഉണ്ടായ മടവീട്ചയിൽ പുറംബണ്ട് തകർന്നിരുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കൊണ്ടുവന്ന മണൽ ചാക്കുകളിൽ നിറച്ച് ചെറുവള്ളങ്ങളിൽ എത്തിച്ച് ബണ്ട് കെട്ടുകയായിരുന്നു. ബണ്ടിനു വേണ്ടി ചെളി ശേഖരിക്കാൻ തൊഴിലാളികൾക്കു സഹായത്തിനു വേണ്ടിയാണ് തെങ്ങിൻ കുറ്റികൾ സ്ഥാപിച്ചത്. എന്നാൽ ജോലികൾ പൂർത്തീകരിച്ച് ആറ് മാസം കഴിഞ്ഞെങ്കിലും ബോട്ട്ചാലിൽ താഴ്ത്തിയ കുറ്റികൾ നീക്കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തോരാമഴയിൽ ഉയർന്ന ജലനിരപ്പിൽ കുറ്റികൾ പൂർണമായും മുങ്ങുകയായിരുന്നു. കുറ്റികളിൽ ഇടിക്കുന്ന ബോട്ടുകൾ ഭാഗ്യംകൊണ്ടു മാത്രമാണ് ദുരന്തങ്ങളിൽപ്പെടാത്തത്.
കൈനകരി പഞ്ചായത്തും കൃഷിവകുപ്പമാണ് കുറ്റികൾ നീക്കം ചെയ്യേണ്ടത്. പലതവണ ജലഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും കുറ്റികൾ നീക്കം ചെയ്യാൻ അധികാരികൾ തയ്യാറായില്ല. കുറ്റികൾ നീക്കം ചെയ്തില്ലെങ്കിൽ ഏതു ദിവസവും ദുരന്തമുണ്ടാകാമെന്ന അവസ്ഥയാണ്.
........................
തേങ്ങിൻ കുറ്റികൾ നീക്കണം: സ്രാങ്ക് അസോ.
ബോട്ട് സർവീസിന് ഭീഷണിയായി ജലപാതയിൽ നവരശ്മി, ഇ.എം.എസ് ജെട്ടികൾക്ക് മദ്ധ്യേ നാട്ടിയിരിക്കുന്ന തേങ്ങിൻ കുറ്റികൾ അടിയന്തിരമായി നീക്കണമെന്ന് സ്രാങ്ക് അസോ. യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.ടി.ആദർശ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി എം.സി.മധുക്കുട്ടൻ, ഒ.ജെ.കുര്യൻ, എം.സരീഷ്‌കുമാർ, സാനു, പ്രസാദ്, സുധീർ, സന്തോഷ്‌കുമാർ, അനൂപ് എന്നിവർ സംസാരിച്ചു