t

ആലപ്പുഴ: വാഗ്ദാനങ്ങളും പുത്തൻ പദ്ധതികളും കടലാസിൽ ഉറങ്ങുന്നതിനാൽ ആലപ്പുഴ തുറമുഖത്ത് ചോദ്യചിഹ്നമായി നിൽക്കുകയാണ് തുരുമ്പിച്ച കടൽപ്പാലത്തിന്റെ അവശേഷിപ്പുകൾ. തുറമുഖത്ത് കപ്പൽ അടുപ്പിക്കുന്നതിനുള്ള മറീന കം കാർഗോ മുതൽ മറൈൻ മ്യൂസിയം വരെ സ്വപ്ന പദ്ധതികളായി അവശേഷിക്കുകയാണ്.

ജലവും ജലഗതാഗതവുമായും ബന്ധപ്പെട്ട വിവിധ കോഴ്സുകളും പരിശീലനവും ആരംഭിക്കുന്നതിനുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് അധികം വൈകാതെ ജില്ലയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. നിലവിൽ നീണ്ടകരയിലും കൊടുങ്ങല്ലൂരും മാത്രമുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിൽ കൂടി എത്തുന്നതോടെ കൂടുതൽപ്പേർക്ക് പഠനത്തിന് അവസരം ലഭിക്കും. തുറമുഖ വകുപ്പിന്റെ കീഴിൽ വരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണ ചുമതല 'നിർമ്മിതി' ആണ് ഏറ്റെടുത്തിരിക്കുന്നത്. ഒന്നേകാൽ കോടിയോളം രൂപ മുടക്കി പോർട്ട് ഓഫീസിന് സമീപം നിർമ്മിക്കുന്ന മറൈൻ പഠന കേന്ദ്രം ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തുറമുഖ ഓഫീസർ എബ്രഹാം വി.കുര്യൻ പറഞ്ഞു.

......................

# അവസാനിക്കാത്ത പഠനം

ആലപ്പുഴ തുറമുഖത്തിന്റെ മുഖഛായ തന്നെ മാറ്റിയേക്കാവുന്ന മറീന കം കാർഗോ പദ്ധതിക്ക് 2018ൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയിൽ നിന്നുള്ള സി.ആർ.ഇസഡ് സർട്ടിഫിക്കറ്റും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതിയും ലഭിച്ചതാണ്. സംസ്ഥാന സർക്കാർ നടത്തേണ്ട പാരിസ്ഥിതിക ആഘാത വിലയിരുത്തലാണ് പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി തീർക്കേണ്ട നടപടി. പഠനം നടക്കുന്നു എന്ന പല്ലവി മാത്രമാണ് കഴിഞ്ഞ രണ്ടു വർഷമായി കേൾക്കുന്നത്.

............................

# പദ്ധതിച്ചുരുക്കം

 ആലപ്പുഴ കടപ്പുറത്ത് പാസഞ്ചർ ടെർമിനൽ

 വാട്ടർ സ്കൂട്ടർ

 സ്പീഡ് ബോട്ട്

 ബ്രേക്ക് വാട്ടർ സിസ്റ്റം

 ക്രൂയിസർ ടെർമിനൽ

 ആയുർവേദ സ്പാ

.......................................

40.71 കോടി: 2013 നവംബറിൽ ആദ്യ ഘട്ടത്തിനു പ്രഖ്യാപിച്ച തുക

126.31 കോടി: ആകെ ചെലവ്:

.........................................

 വരുമോ മറ്റൈൻ മ്യൂസിയം?

തുറമുഖത്തിന്റെ പ്രതാപകാല സ്മരണങ്ങളെ ഉണർത്തുന്ന മ്യൂസിയം ആലപ്പുഴ പൈതൃക പദ്ധതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2018 അവസാനത്തിലായിരുന്നു സംസ്ഥാന സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. മ്യൂസിയത്തിന്റെ രൂപകൽപ്പനയെക്കുറിച്ചും നിർമ്മാണ പദ്ധതികളെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നിരുന്നു. മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്തിരിക്കുന്ന മ്യൂസിയത്തിന് വേണ്ടി തുറമുഖ വകുപ്പ് മാത്രം 1.2 കോടി രൂപയാണ് ചെലവാക്കാൻ ധാരണയായിരിക്കുന്നത്. ആലപ്പുഴ തുറമുഖത്തിന്റെ ചരിത്രം, കനാൽ ശൃംഖല എന്നിവ മ്യൂസിയത്തിൽ ഉൾപ്പെടുത്തും. രേഖകളും പുരാവസ്തുക്കളും പഴമയോടെ പുനർനിർമ്മിക്കും.

# ആകർഷകം

 ആലപ്പുഴയിൽ വന്നുകൊണ്ടിരുന്ന കപ്പലുകളുടെ മാതൃകാ പ്രദർശനം

 അറബി ഉരുക്കൾ, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് പായ് കപ്പലുകൾ, ആധുനിക കപ്പലുകൾ എന്നിവയുടെ മാതൃക

 ഒരു പഴയ കപ്പൽ കടൽപ്പാലത്തിന് അടുത്തായി സ്ഥിരമായി നങ്കുരമിട്ട് പ്രദർശിപ്പിക്കും

 ആലപ്പുഴയിൽ ഉപയോഗത്തിലിരുന്ന മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിക്കും

......................

കൊവിഡ് മൂലം നിർമ്മാണം അല്പം നീണ്ടുപോയെങ്കിലും മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കുള്ള മികച്ച പരിശീലന കേന്ദ്രമായിരിക്കും ഇത്. മറീന കം കാർഗോ പദ്ധിതിക്ക് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്

എബ്രഹാം വി.കുര്യൻ, ആലപ്പുഴ തുറമുഖ ഓഫീസർ