hgfh

ഹരിപ്പാട്: ആറാട്ടുപുഴ തീരപ്രദേശത്ത് നിന്ന് കരിമണൽ ഖനനത്തിലൂടെ ധാതുമണൽ വേർതിരിക്കുന്ന സ്പൈറൽ യൂണിറ്റിന്റെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. രൂക്ഷമായ കടൽക്ഷോഭം നടക്കുന്ന ആറാട്ടുപുഴയിൽ ജനങ്ങൾ ദുരിതപൂർണമായ ജീവിത സാഹചര്യവുമായി മുന്നോട്ട് പോകുമ്പോൾ വലിയ വെല്ലുവിളിയായി സ്പൈറൽ യൂണിറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. സ്പൈറൽ യൂണിറ്റ് സ്ഥാപിക്കുവാനും പ്ലാന്റിന് ലൈസൻസ് നൽകേണ്ട എന്ന പഞ്ചായത്ത് തീരുമാനം അട്ടിമറിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് അധികാരം വിനിയോഗിക്കാൻ പഞ്ചായത്ത് തയ്യാറാകാത്തതു കൊണ്ടാണ്. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസും പ്രതിപക്ഷമായ സി.പി.എമ്മും കരിമണൽ ഖനനത്തോടുള്ള നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന പക്ഷം ശക്തമായ സമരപരിപാടികൾ ബി.ജെ.പിയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് നിർമ്മാണ സ്ഥലം സന്ദർശിച്ച ശേഷം അദ്ദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ്.വിനോദ്, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡൻറ് മനോജ്, യു.സുമേഷ്, കെ.സി.സുനിൽ, ദീപക് എന്നിവർ പങ്കെടുത്തു.