ഹരിപ്പാട്: ചട്ടം ലംഘിച്ച് കണ്ടെയ്ന്മെന്റ് സോൺ പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കപ്പെട്ടാൽ പ്രായോഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന സർക്കാർ നിർദേശം ലംഘിച്ച് ആ വാർഡിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കുന്നപ്പുഴ യൂണിറ്റ് കളക്ടർക്ക് നിവേദനം നൽകി. പഞ്ചായത്തിലെ 11ാം വാർഡ് കണ്ടെയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴ ജംഗ്ഷനിലെ കടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതി​ലാണ് പ്രതിഷേധം. 10, 11 കാർഡുകൾ ചേരുന്നതാണ് തൃക്കുന്നപ്പുഴ ജംഗ്ഷൻ. ജംഗ്ഷന്റെ ഒരു വശം പത്താം വാർഡും മറുവശം 11ാം വാർഡുമാണ്. 11ാം വാർഡിന്റെ വടക്കേ അതിർത്തിയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനാൽ വാർഡ് മുഴുവൻ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. വലിയൊരു പ്രദേശം കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് പകരം കൊവിഡ് രോഗം ബാധിച്ച ആളുടെ ഒന്നാമത്തേയും രണ്ടാമത്തേയും സമ്പർക്ക പട്ടികയിൽ വരുന്നവർ ഉൾക്കൊള്ളുന്ന ഭാഗം മാത്രം കണ്ടെയ്ൻമെന്റ് സോണാക്കുന്ന സർക്കാർ തീരുമാനത്തിന്റെ ലംഘനമാണിതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഓണം കഴിയുന്നതുവരെ കടകൾ പരിമിത സമയത്തേക്കെങ്കിലും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം തരണമെന്നാണ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി അണ്ടോളിൽ, സെക്രട്ടറി പി.സി. ഗോപാലകൃഷ്ണൻ എന്നിവർ നൽകിയ നിവേദനത്തിൽ കച്ചവടക്കാരുടെ ആവശ്യം.