ആലപ്പുഴ: കൊവിഡ് വ്യാപനം രൂക്ഷമായ കടക്കരപ്പള്ളി പഞ്ചായത്തിലെ 1, 14 വാർഡുകളിൽ അടിയന്തരമായി സന്നദ്ധ സേന രൂപീകരിക്കാൻ കളക്ടർ കെ. അലക്‌സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സന്നദ്ധ സേന രൂപീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് മെമ്പർ, എന്നിങ്ങനെ ആറു പേരടങ്ങുന്ന സംഘത്തെയും കളക്ടർ നിയോഗിച്ചു.

പഞ്ചായത്തിലെ മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, കൊവിഡ് രോഗ വിമുക്തരായവർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് സന്നദ്ധ സേന രൂപീകരിക്കേണ്ടത്. പ്രദേശത്തെ അണുനശീകരണം, കടകളിലേക്ക് പുറത്തു നിന്നു അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കൽ, സാമൂഹ്യ അടുക്കളയിലെ പങ്കാളിത്തം, വൃത്തിയാക്കൽ ജോലികൾ, പാലിയേറ്റീവ് രോഗികളുടെ പരിചരണം, പ്രദേശവാസികളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ, കൊവിഡ് പരിശോധനയ്ക്ക് പ്രദേശവാസികളെ ബോധവത്കരിക്കൽ തുടങ്ങിയവയാണ് സേനയുടെ ചുമതല.

 പരിശീലിപ്പിക്കും

സന്നദ്ധ സേനുംഗങ്ങൾക്കുള്ള പരിശീലനങ്ങൾ ആരോഗ്യ വകുപ്പ് നൽകും. അണുനശീകരണ പ്രവർത്തനം നടത്തുന്നതിനാവശ്യമായ പരിശീലനം അഗ്നിശമന സേനയാണ് നൽകുന്നത്.

പ്രദേശത്ത് വരും ദിവസങ്ങളിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണവും നടത്തും.

പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ, വാർഡ് മെമ്പർമാരായ കുഞ്ഞപ്പൻ, ജെമ്മ മാത്യു, ചേർത്തല തഹസിൽദാർ ആർ ഉഷ, ഫാദർ ജോസ് രാജു കളത്തിൽ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ സൈറു ഫിലിപ്പ്, മെഡിക്കൽ ഓഫീസർ ആശ, സന്നദ്ധ പ്രവർത്തകരായ മാർട്ടിൻ, സ്റ്റാലിൻ, വിനിൽ കുമാർ, പഞ്ചായത്ത് സെക്രട്ടറി ബാബു, പൊലീസ്, അഗ്‌നി ശമന സേന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.