s

 നാടൻ മുട്ടക്കോഴി കർഷകർ പ്രതിസന്ധിയിൽ

ആലപ്പുഴ: തെരുവോരങ്ങളിൽ മുട്ടക്കച്ചവടം പൊടിപൊടിക്കുമ്പോൾ നാടൻ മുട്ടക്കോഴി കർഷകരുടെ നെഞ്ചിടിപ്പ് കൂടുന്നു. നാട്ടിൻപുറത്ത് ഏഴുരൂപയ്ക്ക് കച്ചവടം നടക്കുന്നതിനിടെയാണ് 30 മുട്ടയ്ക്ക് 100 രൂപ നിരക്കിൽ തെരുവോരങ്ങളിലെ കച്ചവടം പൊടുന്നനെ പൊട്ടിമുളച്ച് വ്യാപിച്ചത്.

തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് ശീതീകരണ സംവിധാനത്തിൽ സൂക്ഷിച്ച മുട്ടയാണ് ഇപ്പോൾ തെരുവോരത്ത് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. ഒരു മുട്ടയുടെ കാലാവധി തണുപ്പ് കാലത്ത് പത്തും ഉഷ്ണകാലത്ത് ഏഴും ദിവസമാണ്. പ്രതിദിന വില്പനയ്ക്ക് ആവശ്യമായ മുട്ടകൾ മാത്രം വിപണിയിൽ എത്തിക്കുകയാണ് ഇവരുടെ രീതി. തൃപ്പൂണിത്തുറ, വൈക്കം എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്ന് കൊണ്ടുവരുന്ന മുട്ടയാണെന്നാണ് വില്പനക്കാരുടെ വാദം. കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന മുട്ട ഗുണമേന്മയില്ലാത്തതും തൂക്കത്തിൽ കുറവുള്ളതുമാണെന്ന് നാടൻ കർഷകർ പറയുന്നു.

 തൂക്കത്തിലാണ് കാര്യം

65 ഗ്രാമിന് താഴെ, 65- 90ഗ്രാം, 90 ഗ്രാമിന് മുകളിൽ എന്നിങ്ങനെയാണ് മുട്ടയുടെ തൂക്കം പറയുന്നത്. മൊത്തവ്യാപാരികൾ നാടൻ കർഷകർക്ക് ആറുമുതൽ ഏഴുരൂപ വരെ നൽകിയാണ് ശേഖരിക്കുന്നത്. വില്പന ഏഴര മുതൽ എട്ടു രൂപവരെയും.

 മത്സ്യം കുറഞ്ഞു, മുട്ട കൂടി

മത്സ്യലഭ്യതയിൽ കുറവുണ്ടായതോടെയാണ് തെരുവോരങ്ങളിൽ മുട്ടക്കച്ചവടം കൂടിയത്. ഒരുദിവസം ഒരുമുട്ടക്കോഴിക്ക് തീറ്റയും മരുന്നുമായി ശരാശരി 4.50 രൂപ ചെലവാകും. നിലവിൽ തീറ്റയുടെയും മരുന്നിന്റെയും വിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ മുട്ടയ്ക്ക് വില കുറയാൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് കർഷകർ വിശദീകരിക്കുന്നു.

........................................

ഇപ്പോഴത്തെ സാഹചര്യത്തിൽ മുട്ടക്കോഴി വളർത്തൽ അത്ര ലാഭകരമല്ല. തെരുവോരത്ത് വിൽക്കുന്നത് കാലപ്പഴക്കം ചെന്നതും ശീതീകരിച്ച മുറികളിൽ സൂക്ഷിച്ചതുമായ മുട്ടകളാണ്. ഇവ ആരോഗ്യ പ്രശ്നം സൃഷ്ടിക്കും

നാടൻ കോഴി കർഷകർ