ചേർത്തല: ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷത്തിന്റെ മുന്നോടിയായി ഇന്ന് എസ്.എൻ.ഡി.പി യോഗം പതാകദിനമായി ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ശ്രീനാരായണീയരുടെ ഭവനങ്ങളിലും ശാഖാ ഓഫീസുകളിലും യൂണിയൻ ഓഫീസുകളിലും പീതപതാക ഉയർത്തൽ, കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും.
കൊവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ ചതയദിനാഘോഷത്തിലും സമാധിദിനാചരണത്തിലും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട് പ്രാർത്ഥനകളും ഉപവാസവും കഴിവതും അവരവരുടെ ഭവനങ്ങൾ കേന്ദ്രീകരിച്ച് നടത്തും. ഗുരുദേവക്ഷേത്രങ്ങളിലെ ചടങ്ങുകളിലും അനുബന്ധ പ്രവർത്തനങ്ങളിലും സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന കൊവിഡ് നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണെന്നും വെള്ളാപ്പള്ളി അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം:
ശ്രീനാരായണ എംപ്ലോയീസ് ഫോറം
ചേർത്തല: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും മഹാസമാധി ആചരണവും കൊവിഡ് പശ്ചാത്തലത്തിൽ പ്രാർത്ഥനാ നിർഭരമായി നടത്തണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ആഹ്വാനം പാലിക്കണമെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അഭ്യർത്ഥിച്ചു.
സമാധി ദിനമായ കന്നി 5 വരെ ഗുരുദേവ പാരായണ മാസമായി ആചരിക്കാനും എംപ്ലോയീസ് ഫോറം കേന്ദ്രസമിതി തീരുമാനിച്ചു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ.വി. ശ്രീകുമാർ,ട്രഷറർ ബി. ശിവപ്രസാദ്,വൈസ് പ്രസിഡന്റുമാരായ ബിജു പുലിക്കലേടത്ത്,ഡോ. രഞ്ജിൻ,ഷിബു കൊറ്റംപ്പളളി, കെ.പി ഗോപാലാകൃഷ്ണൻ,ജോയിന്റ് സെക്രട്ടറിമാരായ ദിനു വാലുപറമ്പിൽ,ജി. ബൈജു പുനലൂർ,കുട്ടനാട് ഗോകുൽദാസ്,ജിജി ഹരിദാസ്,അനില പ്രദീപ്,എം.എം മജീഷ്, ഷിബു ശശി കേന്ദ്രസമിതി അംഗങ്ങളായ കെ.പി സന്തോഷ് തൊടുപുഴ,മൂവാറ്റുപ്പുഴ അരുൺകുമാർ,ഇടുക്കി അനൂപ്,മനോജ് കോട്ടയം,പുതുക്കാട് രഘു എന്നിവർ പങ്കെടുത്തു.