ആലപ്പുഴ: ആലപ്പുഴ റവന്യു ജില്ല രൂപീകരിച്ചിട്ട് ഇന്ന് 63 വർഷം തികയുന്നു.1957 ആഗസ്റ്റ് 17 നാണ് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ആലപ്പുഴ ജില്ലാക്കോടതി വളപ്പിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചത്.
അന്ന് രാവിലെ 8 മണി കഴിഞ്ഞായിരുന്നു ഉദ്ഘാടന ചടങ്ങ്. നഗരവാസികൾ വീടുകളും കടകളും ദീപാലങ്കാരങ്ങളാലും മറ്റും മോടി പിടിപ്പിച്ചു. നഗരസഭയുടെ സൈറൺ മുഴങ്ങിയതോടെ ക്ഷേത്രങ്ങളിലും പള്ളികളിലും അഞ്ചു മിനിട്ട് കൂട്ടമണി മുഴങ്ങി.തൊഴിലാളികളടക്കം എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യാർത്ഥം കടകമ്പോളങ്ങളും മില്ലുകളും ഫാക്ടറികളും രാവിലെ 10ന് ശേഷമാണ് പ്രവർത്തിച്ചത്.
വീരയ്യ റെഡ്യാറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ജില്ലാ രൂപീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയതും ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കാൻ പരിശ്രമിച്ചതും. റവന്യുവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി കെ.ആർ.ഗൗരിഅമ്മയാണ് ജില്ലാ രൂപീകരണത്തിന്റെ ഫയൽ ഒപ്പുവച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊടതി വളപ്പിൽ മുഖ്യമന്ത്രി നട്ട തെങ്ങ് ഇപ്പോഴും ജില്ലാ രൂപീകരണ സ്മാരകമായുണ്ട്.