photo

ചേർത്തല: ചിങ്ങം പിറക്കുംമുമ്പേ ചേർത്തല നഗരത്തി​ൽ മാവേലി​യെ കണ്ട ജനങ്ങൾക്ക് അമ്പരപ്പ്. അകമ്പടിയായി പൊലീസി​നെക്കണ്ടപ്പോൾ അമ്പരപ്പ് അൽപം ഭയമായി​. കൊവി​ഡ് പ്രതി​രോധത്തി​ന്റെ ഭാഗമായാണ് മാവേലി​യുടെ വരവെന്ന് പി​ന്നെയാണറി​ഞ്ഞത്.

തുറന്ന വാഹനത്തിൽ ലക്ഷണമൊത്ത മാവേലിയുടെ വേഷധാരി രാജപ്രൗഢിയോടെ നിലയുറപ്പിച്ചപ്പോൾ വരവറിയിച്ച് ചെണ്ടമേളവും മുഴങ്ങി.കൊവിഡ് മാനദണ്ഡം പാലിച്ച് പൊലീസ് ഒപ്പവും പ്രത്യേക വാഹനത്തിലും. ഓണാശംസയോടൊപ്പം മഹാമാരി അതിജീവന ജാഗ്രതപ്പെടുത്തലിന് പൊലീസ് തയ്യാറാക്കിയ ലഘുലേഖയും കൈമാറി. ചേർത്തല നഗരസഭയിലും വയലാർ,പള്ളിപ്പുറം,തണ്ണീർമുക്കം പഞ്ചായത്ത് മേഖലകളിലും യാത്ര എത്തി.ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ നിർദ്ദേശാനുസരണമാണ് നൂതന പ്രചാരണ പദ്ധതികളുമായി ചേർത്തല പൊലീസ് എത്തിയത്. മാർക്ക​റ്റുകളിലും പ്രധാന കവലകളിലും പ്രത്യേക കമ്മി​റ്റികൾ രൂപീകരിച്ച് സാമൂഹിക അകലം പാലിക്കുന്നതിന് കർശനമായ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.നിയന്ത്രിത മേഖലകളിൽ 50 പേരുടെവീതം വാട്ട്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ജനകീയ ഇടപെടലും സാദ്ധ്യമാക്കുന്നു. നിയമലംഘനത്തിനും രണ്ടായിരത്തോളം കേസുകളും മാർഗരേഖ ലംഘനത്തിന് ഇരുന്നൂറിലധികം ക്രിമിനൽ കേസെടുത്തു. ഡിവൈ.എസ്.പി കെ.സുഭാഷ്, ഇൻസ്‌പെക്ടർ പി.ശ്രീകുമാർ,എസ്‌.ഐ എം. ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതത്വത്തിലാണ് പൊലീസ് നടപടി.ബോധവത്ക്കരണത്തിന് മ​റ്റിടങ്ങളിലും വ്യത്യസ്ഥമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിവൈ.എസ്.പി കെ.സുഭാഷ് പറഞ്ഞു.