ഡീപ് ക്ലീനിംഗ് ഡിസിൻഫെക്‌ഷൻ ടീമുകൾ രംഗത്ത്
ആലപ്പുഴ : കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഡീപ് ക്ലീനിംഗ് ഡിസിൻഫെക്ഷൻ ടീമിനെ രംഗത്തിറക്കിയിരിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ. ഓഫീസുകളും വീടുകളും വാഹനങ്ങളും അണുവിമുക്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യം. കൊവിഡ് പോസിറ്റീവാകുന്ന വ്യക്തി സമ്പർക്കം ചെലുത്തിയിട്ടുള്ള കെട്ടിടങ്ങളും, വാഹനങ്ങളും പൂർണമായും അണുവിമുക്തമാക്കേണ്ടതുണ്ട്. സർക്കാർ ഓഫീസുകളിലടക്കം ഇതിന്റെ ചുമതല ഫയർഫോഴ്സിനാണ്. എന്നാൽ രോഗവ്യാപനം വർദ്ധിക്കുന്ന ഘട്ടത്തിൽ വീടുകളിലുൾപ്പടെയെത്തി ശുചീകരണം നടത്തുന്നത് ഫയർ ഫോഴ്സിന് പ്രായോഗികമല്ലാത്ത ഘട്ടത്തിലാണ് ഡീപ് ഡിസിൻഫക്‌ഷൻ ടീമിന്റെ പ്രസക്തിയേറുന്നത്. പരിശീലനം പൂർത്തിയാക്കി, ശുചീകരണ ഉപകരണങ്ങളുമായി ഓരോ സംരംഭക യൂണിറ്റുകളായാണ് ടീമുകൾ പ്രവർത്തിക്കുക. ആവശ്യമായ ലോഷനും ഉപകരണങ്ങളും കുടുംബശ്രീ ലഭ്യമാക്കും. സേവനത്തിന് സ്ക്വയർ ഫീറ്റിന് രണ്ട് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ചെറുവാഹനങ്ങൾക്ക് 500 രൂപയാണ് ചാർജ്. എന്നാൽ നിർദ്ധനർക്ക് സൗജന്യസേവനമായിരിക്കും. നിരവധി കുടുംബശ്രീ അംഗങ്ങൾ ടീമിൽ അണിചേരാൻ സന്നദ്ധരായി എത്തുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ ആദ്യ ടീമിന്റെ പരിശീലനം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ പൂർത്തിയായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു ബാച്ചിൽ പരമാവധി 6 പേരെ ഉൾക്കൊള്ളിച്ചാണ് പരിശീലനം.
ജില്ലയിൽ 15 ടീമുകളെ സജ്ജമാക്കും
ഒരു ടീമിൽ 6 മുതൽ 8വരെ അംഗങ്ങൾ
അംഗങ്ങൾക്ക് നൽകുന്നത് ദ്വിദിന പരിശീലനം
വിളിപ്പുറത്ത് സേവനം
ഗ്രീൻ ആർമി എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന യൂണിറ്റിന്റെ സേവനം ആവശ്യമുള്ളവർക്ക് 8943260894, 7012723081 എന്നീ നമ്പറുകളിൽ വിളിക്കാം.
സേവനം ലഭിക്കുന്നത്
സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതു - സ്വകാര്യ വാഹനങ്ങൾ, ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകൾ, ക്വാറന്റൈൻ സെന്ററുകൾ, വീടുകൾ, മാർക്കറ്റുകൾ, മറ്റ് പൊതു ഇടങ്ങൾ
സാമഗ്രികൾ സൗജന്യം
പരിശീലനത്തിന് പുറമേ പി.പി.ഇ കിറ്റ്, ഗ്ലൗസ്, ബൂട്ട്, അണുനശീകരണത്തിനാവശ്യമായ മോട്ടോറൈസ്ഡ് സ്പ്രേയർ ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ ഓരോ യൂണിറ്റിനും സൗജന്യമായി നൽകും. ആരോഗ്യവിഭാഗത്തിന്റെയും, ഫയർഫോഴ്സിന്റെയും സഹായത്തോടെ കുടുംബശ്രീയുടെ ഏക്‌സാത് എന്ന ഏജൻസി വഴിയാണ് വനിതകൾക്ക് പരിശീലനം നൽകിയത്.
''കെട്ടിടങ്ങളും പരിസരവും അണുവിമുക്തമാക്കി ശുചിത്വം ഉറപ്പുവരുത്തുന്നതിന് ടീം അംഗങ്ങളുടെ സേവനം ആർക്കും ഉപയോഗപ്പെടുത്താം. പാവപ്പെട്ടവരുടെ വീടുകളിൽ ചാർജ്ജ് കുറച്ച് ശുചീകരണം നടത്താനും തയ്യാറാണ്.
- ജെ.പ്രശാന്ത് ബാബു, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ