s

 സർക്കാർ ഏറ്റെടുക്കില്ല

 വില്പന നടപടി പുരോഗമിക്കുന്നു

ആലപ്പുഴ: പാതിരപ്പള്ളി എക്സൽ ഗ്ളാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം തള്ളി വില്പന നടപടികൾ പുരോഗമിക്കുന്നു. അടുത്തമാസം 15ന് ഓൺലൈൻ ലേലം നടക്കും.

ദേശീയപാതയോരത്തുള്ള 18 ഏക്കറും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യഥാർത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 200 കോടിയിലധികം ലഭിക്കാവുന്ന സ്വത്തിന് 99.4 കോടിയാണ് വിലയിട്ടിരിക്കുന്നത്. നഷ്ടത്തിന്റെ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷൻ നടപടിയുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുകയായിരുന്നു.

കമ്പനി പൂട്ടുന്ന സമയത്ത് 9 കോടിയുടെ കുപ്പികൾ ഗോഡൗണിലുണ്ടായിരുന്നു. ഇവ ഉപയോഗ്യശൂന്യമായി. കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളിൽ നിന്നെടുത്ത 14.5 കോടി വായ്പ ഇപ്പോൾ 45 കോടിയായി. തൊഴിലാളികളുടെ ആനുകുല്യങ്ങൾ പൂർണമായും തിട്ടപ്പെടുത്താതെ മറ്റ് ബാദ്ധ്യതകൾ തീർക്കുന്ന തരത്തിലാണ് വില്പന നടപടികൾ. ഗ്രാറ്റുവിറ്റി, ലേ ഓഫ് കോമ്പൻസേഷൻ, നിർബന്ധിത പിരിച്ചുവിടൽ അനുകൂല്യം, ശമ്പള കുടിശിക, ബോണസ് എന്നിവ ലഭിക്കണമെന്നാവശ്യപ്പെട്ടു ഫാക്ടറിയിലെ 28 തൊഴിലാളികൾ ചേർന്നു കാക്കാട് എൻ.സി.എൽ.ടി കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവ് അടുത്തമാസം ആദ്യവാരമെത്തും. ഓരോ തൊഴിലാളിക്കും കുറഞ്ഞത് രണ്ട് വർഷത്തെ ആനുകൂല്യം നൽകാൻ കോടതി പറഞ്ഞാൽ വലിയ തുക മാനേജ്മെന്റ് കണ്ടെത്തേണ്ടി വരും.

 വെറുതെ 4 കോടി

കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലും ഫാക്ടറിയുടെ പുനരുദ്ധാരണത്തിന് നാല് കോടി ഉൾപ്പെടുത്തിയെങ്കിലും ഒരുരൂപ പോലും ചെലവഴിച്ചില്ല. വില്പന നടപടികൾ വേഗത്തിലാക്കും വിധം പരസ്യം പ്രസിദ്ധീകരിച്ച ശേഷം മന്ത്രി ടി.എം. തോമസ് ഐസകും ലേബർ കമ്മിഷണറും വീഡിയോകോൺഫറൻസിലൂടെ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. നഷ്ടപരിഹാരം ബഡ്ജറ്റിൽ വകകൊള്ളിച്ച തുകയിൽ നിന്ന് നൽകുമെന്നും ഇതിനുള്ള സമ്മതപത്രം സംഘടനാ നേതാക്കൾ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത് സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ എതിർത്തു. ഉപാധികൾ ഇല്ലാതെ ആനുകൂല്യങ്ങൾ നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം ഉണ്ടാവാതിരുന്നത്.

...................................

 ഫാക്ടറി പൂട്ടിയത് 2012 ഡിസംബർ 12ന്

 അന്നുണ്ടായിരുന്നത് 550 ജീവനക്കാർ

 9 മാസത്തെ ബോണസും ഒരു മാസത്തെ ശമ്പളവും ഇൻസെന്റീവും കുടിശിക

 പിന്നീട് 320 ജീവനക്കാരുടെ വിരമിക്കൽ പ്രായം കഴിഞ്ഞു

 നിലവിലുള്ളത് ശേഷിക്കുന്ന 230 ജീവനക്കാർ

 ആർക്കും യാതൊരു ആനുകൂല്യങ്ങളും കിട്ടിയില്ല

....................................

മാനേജ്മെന്റ് നിഴൽ സംഘടനകളെ ഉപയോഗിച്ച് തൊഴിലാളികളുടെ വിഹിതം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. എക്സൽ ഗ്ളാസ് ഫാക്ടറി സംരക്ഷിക്കാൻ തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയം മറന്ന് ഒന്നിച്ച് നിൽക്കണം

രാകേഷ് ജോസഫ്, സി.ഐ.ടി.യു

.............................

തൊഴിലാളി യൂണിയനുകളുമായി നടത്തിയ ധാരണ അനുസരിച്ച് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് മുഴുവൻ ആനുകൂല്യവും വിതരണം ചെയ്യണം

അഡ്വ. രവീന്ദ്രദാസ്, ഐ.എൻ.ടി.യു.സി

..............................

ലിക്വിഡേഷൻ നടപടി പൂർത്തീകരിച്ച സാഹചര്യത്തിൽ വ്യക്തമായ അഭിപ്രായമില്ല. കുറഞ്ഞ ആനൂകൂല്യമാണ് പ്രഖ്യാപിച്ചത്. തൊഴിലാളികൾക്ക് കിട്ടേണ്ട് ആനുകൂല്യം നിയമപരമായ പോരാട്ടത്തിലൂടെ നേടിയെടുക്കും

എം.എസ്. ശ്രീകുമാർ, ബി.എം.എസ്