ഓർമ്മ വച്ച നാൾ മുതൽ അച്ഛന്റെ പേര് നീറുന്ന നൊമ്പരമായി ജിതിന് ഒപ്പമുണ്ട്. നേരിൽ കണ്ടിട്ടില്ലാത്ത അച്ഛന്റെ സൗമ്യമായ മുഖം അണയാത്ത കനലായി മനസിൽ പേറിയ ദിവസങ്ങൾ. നാലാൾ കൂടുന്ന ഏതു സ്ഥലത്ത് ചെല്ലുമ്പോഴും ആൾക്കാർ കൈ ചൂണ്ടി പറയും, സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകൻ. ക്ളാവു പിടിച്ച നെറ്രിപ്പട്ടം പോലെ, ആൾക്കാർ നിഷ്കരുണം ചാർത്തി തന്ന വിശേഷണം. കാലം മുന്നോട്ട് പോകുന്തോറും മനസിലെ വിങ്ങലിന്റെ കനം കൂടി. ഒരു ദുശ്ശീലങ്ങളുമില്ലാത്ത, പഞ്ചപാവമായിരുന്ന അച്ഛനെ എന്തിന് കൊന്നു? ഉത്തരം കിട്ടാത്ത ചോദ്യവുമായി ഒരിക്കൽ അമ്മ ശാന്തമ്മയുടെ മുന്നിൽ ചെന്നു. കണ്ണുകളിൽ നിന്ന് ഇരുകവിളുകളിലൂടെയും ഇരച്ചിറങ്ങിയ കണ്ണീർപെയ്ത്തായിരുന്നു ആ അമ്മയുടെ മറുപടി. 36 കൊല്ലങ്ങളായി ഉള്ളിൽ കൊണ്ടു നടക്കുന്ന ആ ചോദ്യം തന്നെ മനസിൽ നിന്ന് പറിച്ചെറിയാനായി പിന്നീടത്തെ ശ്രമം.
മറവിയുടെ ഏതോ മൂലയിൽ കുഴിച്ചുമൂടിയ ആ ദുഃഖസത്യത്തെ കുഴിമാന്തി പുറത്തുകൊണ്ടുവരാനാണ് ചിലരുടെ ശ്രമം. അവർക്കറിയില്ലല്ലോ ജനിക്കും മുമ്പ് പിരിഞ്ഞുപോയ അച്ഛനെ ഒരിക്കലും കാണാത്ത മകന്റെ വേദന, ജന്മം നൽകിയ കുഞ്ഞിന്റെ നെറുകയിൽ ഒരു മുത്തം നൽകാതെ, തങ്ങളെ തനിച്ചാക്കി യാത്രയായ ഭർത്താവിനെ ഓർത്തു തേങ്ങുന്ന ഭാര്യയുടെ വേദന. ബോധപൂർവം മനസിനെ പുതപ്പിച്ച മറവിയുടെ തുണിത്തുണ്ടാണ് ഇപ്പോൾ നിർദ്ദയം വലിച്ചു മാറ്റുന്നത്.
ആലപ്പുഴ തത്തംപള്ളി കരളകം വാർഡിലെ ആലപ്പാട്ട് കണ്ടത്തിൽ വീടിന്റെ ഭിത്തിയിൽ പതിച്ചിട്ടുള്ള ചിത്രത്തിൽ ചാക്കോയുടെ ചിരിക്കുന്ന മുഖമുണ്ട്. ശാന്തമ്മയും മകൻ ജിതിൻ ചാക്കോയും എല്ലാ ദിവസവും രാവിലെ ആ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിക്കും. 1984-ലാണ് കേരളത്തെ നടുക്കിയ അസാധാരണ സംഭവം. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ പ്രവാസിയായിരുന്ന സുകുമാരക്കുറുപ്പും സംഘവും ചേർന്ന് കൊലപ്പെടുത്തി കാറിലിട്ട് കത്തിക്കുകയായിരുന്നു. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ കുറുപ്പ് പൊലീസിന്റെ എല്ലാ അന്വേഷണ തന്ത്രങ്ങൾക്കും മീതേ അദൃശ്യനായി നിന്നു. മറ്റു പ്രതികൾ ശിക്ഷിക്കപ്പെട്ടു, ചിലർ മരണത്തിന് കീഴടങ്ങി. സുകുമാരക്കുറുപ്പിന്റെ പേരിൽ ഒരുങ്ങുന്ന സിനിമയാണ് വേദനയുടെ തുരുത്തിലേക്ക് വീണ്ടും ഈ അമ്മയെയും മകനെയും വലിച്ചിഴച്ചു കൊണ്ടുവരുന്നത്. എന്താണ് വരാൻ പോകുന്ന സിനിമയുടെ കഥ? സുകുമാരക്കുറുപ്പിനെ എങ്ങനെ അവതരിപ്പിക്കുന്നു?ചാക്കോയുടെ അരുംകൊല എങ്ങനെ വ്യാഖ്യാനിക്കുന്നു? തങ്ങൾ ന്യായമായും അറിയേണ്ട ഈ ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് ശാന്തമ്മയും മകൻ ജിതിനും. ഇങ്ങനെയൊരു സംഭവം സിനിമയാക്കാൻ ഇറങ്ങി പുറപ്പെട്ടവർ ഈ രണ്ട് മനുചാക്കോ ഷ്യരെ മറന്നതെന്തുകൊണ്ടാണ്? നിയമപരമായി ഇതിന് ഉത്തരം കണ്ടെത്താനാണ് അമ്മയും മകനും നിയമബലത്തെ കൂട്ടുപിടിക്കുന്നത്.
കേരളത്തെ പിടിച്ചുലച്ച
ചാക്കോ വധക്കേസ്
1984- ജനുവരിയിലെ അർത്തുങ്കൽ പള്ളിയിലെ പെരുന്നാൾ. തന്റെ ഉദരത്തിൽ ആറുമാസം വളർച്ചയെത്തിയ ആദ്യകുഞ്ഞിന് വേണ്ടി പള്ളിയിൽ നേർച്ചയിട്ട് തിരുരൂപത്തിന് മുന്നിൽ പ്രാർത്ഥിക്കാൻ ശാന്തമ്മ ആഗ്രഹിച്ചു. വിജയ മൂവീസ് എന്ന ചലച്ചിത്ര വിതരണ കമ്പനിയുടെ ഫിലിം റെപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ, കരുവാറ്റയിലെ കെ.ആർ. തീയേറ്ററിലേക്ക് ജോലിക്ക് പോയത് ഒരു ശനിയാഴ്ചയാണ്. അടുത്ത ദിവസം എത്തിയിട്ട് അർത്തുങ്കൽ പള്ളിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടായിരുന്നു യാത്ര. എന്നാൽ ഞായറാഴ്ച ചാക്കോ എത്തിയില്ല. തീയേറ്ററിലെ തിരക്ക് കാരണമാവും എന്നു കരുതി. ഇന്നത്തെ പോലുള്ള മൊബൈൽ സംവിധാനമോ സുലഭമായി ടെലിഫോൺ ബൂത്തുകളോ ഇല്ലാത്ത കാലം. തിങ്കളാഴ്ച ആയിട്ടും ചാക്കോ എത്താതായപ്പോൾ ശാന്തമ്മയുടെ മനസിൽ ഒരു വല്ലായ്മ തോന്നി. ചാക്കോയുടെ സഹോദരൻ തോമസിനോട് കാര്യം പറഞ്ഞു. അദ്ദേഹം അന്വേഷണം തുടങ്ങി. പൊലീസിൽ പരാതിയും നൽകി. ഇതിനിടയിലാണ് മാവേലിക്കരയ്ക്ക് സമീപം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. അബുദാബിയിൽ ജോലി ചെയ്തിരുന്ന ചെറിയനാട് സ്വദേശി സുകുമാരക്കുറുപ്പാണ് മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് തോന്നിയ ചില സംശയങ്ങളിൽ നിന്നാണ് മരിച്ചത് കുറുപ്പ് അല്ലെന്ന് അവർ ഉറപ്പിച്ചത്. ചാക്കോയെ കാണാതാവുന്ന ദിവസവും മൃതദേഹം കണ്ട ദിവസവും തമ്മിൽ കൂട്ടിയോജിപ്പിച്ചപ്പോൾ മരിച്ചത് ചാക്കോ എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നു. അതോടെയാണ് തനിക്ക് തന്ന വാക്കുപാലിക്കാതെ തന്റെ പ്രിയതമൻ പോയെന്ന വിവരം ശാന്തമ്മ അറിയുന്നത്. തുടർന്ന് രണ്ടു കുടുംബങ്ങളിലുണ്ടായ നഷ്ടങ്ങൾ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ശാന്തമ്മയുടെ പിതാവ്, സ്റ്റേഷനറി കട നടത്തിയിരുന്ന മൈക്കിൾ മരുമകന്റെ ദുരന്തമറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു. ചാക്കോയുടെ അമ്മ ഏലിയാമ്മയ്ക്ക് പൊടുന്നനെ സംസാരശേഷി നഷ്ടമായി. ദുരന്തങ്ങൾ ഒന്നിന് പിറകേ ഒന്നായി അവരെ വേട്ടയാടി.
അദൃശ്യനായി കുറുപ്പ്,
ഒടുവിൽ പിടികിട്ടാപ്പുള്ളി
ചെങ്ങന്നൂരിനടുത്ത് ചെറിയനാട് സ്വദേശിയായ സുകുമാരക്കുറുപ്പ് ജോലി ചെയ്തിരുന്നത് അബുദാബിയിലായിരുന്നു. പണത്തോടുള്ള ആർത്തിമൂത്ത കുറുപ്പ് ഒരു സൂത്രവിദ്യ ആസൂത്രണം ചെയ്തു. 30 ലക്ഷം രൂപയ്ക്കുള്ള ഇൻഷ്വറൻസ് പോളിസി എടുത്തു. ഒരു വാഹനാപകടത്തിൽ താൻ കൊല്ലപ്പെട്ടെന്ന് വരുത്തി തീർത്താൽ ഈ പണം അവകാശിയായ ഭാര്യയ്ക്ക് ലഭിക്കുകയും ശിഷ്ടകാലം സൗഭാഗ്യത്തോടെ കഴിയാമെന്നുമായിരുന്നു മോഹം. വിദഗ്ദ്ധമായി ഇതിന് പദ്ധതി തയ്യാറാക്കി നാട്ടിലെത്തി. അളിയൻ ഭാസ്കരപിള്ള, അബുദാബിയിൽ തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷാഹുൽഹമീദ്, ഡ്രൈവർ പൊന്നപ്പൻ എന്നിവരെയും പദ്ധതിയിൽ പങ്കാളികളാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഈഥറും (വിഷവസ്തു) സംഘടിപ്പിച്ചു. 1984 ജനുവരി 21 ആണ് പദ്ധതി നടത്തിപ്പിനായി അവർ തിരഞ്ഞെടുത്തത്.
മുൻ നിശ്ചയിച്ച പ്രകാരം കരുവാറ്റയ്ക്ക് സമീപമുള്ള ഒരു വഴിയോര വിശ്രമകേന്ദ്രത്തിൽ അവർ ഒത്തുകൂടി. കുറുപ്പിനോട് ശാരീരികസാമ്യമുള്ള ഒരാളെ കണ്ടെത്താൻ ദേശീയ പാതയിലൂടെ രണ്ട് കാറുകളിൽ അവർ ഓച്ചിറ വരെ സഞ്ചരിച്ചു. ആരെയും കണ്ടെത്താനാവാതെ നിരാശരായി തിരികെ വരുമ്പോഴാണ് കരുവാറ്റയ്ക്ക് സമീപം ഒരാൾ ലിഫ്റ്റ് ചോദിച്ച് കാറിന് കൈകാണിച്ചത്. തീയേറ്ററിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിന്ന ചാക്കോ ആയിരുന്നു അത്. കെ.എൽ.വൈ 5959 എന്ന കാറിൽ അവർ ചാക്കോയെ കയറ്റി.
https://www.youtube.com/watch?v=5IQ3--13Ck4
കാറിനുള്ളിൽ വച്ച് നിർബന്ധിച്ച് ഈഥർ കലർത്തിയ ബ്രാണ്ടി ചാക്കോയെ കുടിപ്പിച്ചു. തുടർന്ന് കഴുത്തിൽ ടൗവൽ മുറുക്കി കൊലപ്പെടുത്തി.ചെറിയനാട്ടുള്ള കുറുപ്പിന്റെ വീട്ടിൽ എത്തിയ ശേഷം മൃതദേഹത്തിൽ കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ധരിപ്പിച്ചു. കൊല്ലകടവിന് സമീപത്തെ കുന്നം വയലിന്റെ ഭാഗത്ത് എത്തിയപ്പോൾ കെ.എൽ.വൈ 7831 നമ്പരിലുള്ള കുറുപ്പിന്റെ മറ്റൊരു കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ചാക്കോയെ ഇരുത്തി. അകത്തും പുറത്തും പെട്രോൾ ഒഴിച്ച് കാറിന് തീ കൊടുത്ത് വയലിലേക്ക് തള്ളിവിട്ടു. പുലർച്ചെ മൂന്നുമണിയോടെ കൊടും ക്രൂരത പൂർത്തിയാക്കി സംഘം സ്ഥലത്ത് നിന്ന് പോയി. പക്ഷേ ഇതിനിടയിൽ ഭാസ്കരപിള്ളയുടെ കൈയിൽ ചെറിയ പൊള്ളലേറ്റിരുന്നു. നിലത്തു വീണ ഒരു ഗ്ളൗസ് എടുക്കാനും മറന്നു. ഈ രണ്ട് വീഴ്ചകളുമാണ് സത്യം കണ്ടെത്താൻ അന്വേഷണ സംഘത്തിന് തുണയായത്. തീയേറ്ററിന് സമീപത്തെ ചിലരുടെ സാക്ഷിമൊഴികളും.
ജില്ലാ പൊലീസ് മേധാവിയായിരുന്ന രാമചന്ദ്രന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.എം.ഹരിദാസ്, എസ്.ഐ. ക്രിസ്റ്റി ബാസ്റ്റിൻ എന്നിവരാണ് അന്വേഷണം നടത്തിയത്. തുടക്കത്തിൽ തന്നെ ലഭിച്ച പിടിവള്ളിയിൽ നിന്ന് അന്വേഷണം തുടങ്ങി. മരിച്ചത് കുറുപ്പല്ലെന്ന് വ്യക്തമായതോടെ കാര്യങ്ങൾ വേഗത്തിലായി. ഇതിനിടെയാണ് ചാക്കോയെ കാണാനില്ലെന്ന പരാതിയും ജില്ലാ പൊലീസ് മേധാവിക്ക് ലഭിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ പ്യൂണായിരുന്ന ഷാഹുൽ ഹമീദിനെ മാപ്പുസാക്ഷിയാക്കിയതോടെ കിളിപറയും പോലെ കാര്യങ്ങൾ അയാൾ വിശദമാക്കി. ഫോറൻസിക് സർജൻ ഡോ.ബി. ഉമാദത്തന്റെ നേതൃത്വത്തിലുള്ള ശാസ്ത്രീയ പരിശോധനകൾ കൂടി കഴിഞ്ഞതോടെ കുറ്റപത്രം തയ്യാറായി. പക്ഷേ അപ്പോഴും കുറുപ്പ് അദൃശ്യനായി നിന്നു. കുറുപ്പിനെ ഒടുവിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മാവേലിക്കര സെഷൻസ് കോടതി ഭാസ്കരപിള്ളയ്ക്കും പൊന്നപ്പനും ജീവപര്യന്തം ശിക്ഷ നൽകി. കുറുപ്പിന്റെ ഭാര്യയെയും സഹോദരിയെയും വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കീഴ് കോടതി വിധി ശരിവച്ചു. പക്ഷേ അപ്പോഴും കുറുപ്പ് എവിടെയൊക്കെയോ ഒളിവിൽ കഴിഞ്ഞു.
ഏറെ വിവാദമായ സംഭവമായതിനാൽ ചാക്കോയുടെ വിധവ ശാന്തമ്മയ്ക്ക് സർക്കാർ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജോലി നൽകി. അച്ഛൻ നഷ്ടമായ ജിതിനെ വളർത്താനും പഠിപ്പിക്കാനും ഈ ജോലി തുണയായി.
ചാക്കോ കേസ് വീണ്ടും
വിവാദത്തിലേക്ക്
'കുറുപ്പ്" എന്ന സിനിമയുടെ ടീസർ പുറത്തു വന്നതോടെയാണ് വീണ്ടും വിവാദമുയരുന്നത്. നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണെന്നും സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തി ന്യായീകരിക്കും വിധമുള്ള വിവരണം നിർമാതാവും നായകനുമായ ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ടീസറിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ് ശാന്തമ്മയെയും ജിതിൻ ചാക്കോയെയും അലോസരപ്പെടുത്തുന്നത്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആരും തങ്ങളെ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ പറയുന്നു. ചിത്രം പ്രദർശിപ്പിക്കും മുമ്പായി തങ്ങളെയോ തങ്ങൾ ചുമതലപ്പെടുത്തുന്നവരെയോ ചിത്രം കാണിക്കണം. ചാക്കോയുടെ കുടുംബത്തിന് അപകീർത്തികരമായ കാര്യങ്ങൾ ചിത്രത്തിലില്ലെന്ന് ഉറപ്പാക്കണം. ഈ ആവശ്യമുന്നയിച്ച് അഡ്വ.സുധീഷ് ടി.ടി മുഖേന നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് മറുപടി കാത്ത് കഴിയുകയാണ് ഈ അമ്മയും മകനും. കാലം അതിന്റെ നീതി കാട്ടുമെന്ന പ്രതീക്ഷ മാത്രമാണ് ഇവർക്കുള്ളത്.