ഇ- പോസ് മേഷീനിലെ നിലവിലെ സിമ്മുകൾ മാറ്റും
ബി.എസ്.എൻ.എൽ 4 ജി സിമ്മുകൾ ഉടൻ
ആലപ്പുഴ: റേഷൻ കടകളിൽ ഇടയ്ക്കിടെ തലവേദനയാവുന്ന ഇ-പോസ് തകരാർ ഓണമടുക്കവേ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾക്ക് തുടക്കം. പരീക്ഷണാടിസ്ഥാനത്തിൽ അമ്പലപ്പുഴ താലൂക്കിലെ നാല് റേഷൻ കടകളിലുള്ള ഇ പോസ് മെഷീനിൽ ബി.എസ്.എൻ.എല്ലിന്റെ 4 ജി സിമ്മുകൾ സ്ഥാപിക്കും. ഇത് വിജയകരമെന്ന് കണ്ടാൽ മറ്റ് കടകളിലേക്കും വ്യാപിപ്പിക്കും. ബി.എസ്.എൻ.എൽ വിജയിച്ചില്ലെങ്കിൽ ജിയോ സിമ്മുകൾ ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
നിലവിൽ ബി.എസ്.എൻ.എല്ലിന്റെയും ഐഡിയയുടെയും 3 ജി സിമ്മുകളാണ് ഇ-പോസ് മെഷീനുകളിലുള്ളത്. മെഷീൻ തകരാർ ഓണക്കിറ്റ് വിതരണത്തെ ബാധിച്ചതായി റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നു. സമരപ്രഖ്യാപനങ്ങൾ നടത്തിയതോടെയാണ് പ്രശ്നപരിഹാരത്തിന് അധികൃതർ തയ്യാറായത്. സെർവർ തകരാർ മൂലം മെഷീൻ പ്രവർത്തിക്കാതെ വരുമ്പോൾ കാർഡുടമകളും വ്യാപാരികളും തമ്മിൽ വാക്കുതർക്കം പതിവാണ്. കൊവിഡ് കേസുകൾ പെരുകുന്നതിനാൽ കൂടുതൽ പേർ കടകളിൽ എത്തുന്നുണ്ട്.
മെഷീനിന് രണ്ടര വയസ്
രണ്ടര വർഷം മുമ്പാണ് ഇ-പോസ് സംവിധാനം നിലവിൽ വന്നത്. തുടക്കം മുതൽ സാങ്കേതിക തകരാറുകൾ പതിവായിരുന്നു. സെർവർ തകരാറിലായാൽ പകരം സംവിധാനമില്ല. ഉപഭോക്താക്കളെ തിരിച്ചയയ്ക്കുകയേ നിവൃത്തിയുള്ളൂ. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 4 ജി സിമ്മുകൾ സ്ഥാപിച്ചുള്ള പരീക്ഷണം പൂർത്തിയാക്കുമെന്നാണ് വ്യാപാരികൾക്ക് അധികൃതർ നൽകിയിരിക്കുന്ന ഉറപ്പ്.
.................................
ഇ-പോസ് തകരാറിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടകൾ അടിച്ചിടുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രശ്നത്തിൽ ഇടപെടാൻ അധികൃതർ തയ്യാറായത്. അമ്പലപ്പുഴ താലൂക്കിലെ നാല് കടകളിൽ പുതിയ സിം സ്ഥാപിച്ചുള്ള പരീക്ഷണമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളിൽ തകരാർ പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ
എൻ.ഷിജിർ, കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
....................
1233: ജില്ലയിലെ റേഷൻ കടകൾ
5,88,259: റേഷൻ കാർഡുകൾ
..................
മുൻഗണന വിഭാഗക്കാർക്ക് (പിങ്ക് കാർഡ്) - 19, 20, 21, 22 തീയതികളിൽ കിറ്റ് വാങ്ങാം
ഓണത്തിന് മുമ്പായി, ശേഷിക്കുന്ന വിഭാഗക്കാർക്കും വാങ്ങാം (നീല, വെള്ള കാർഡുകൾ)
റേഷൻ വാങ്ങുന്ന അതേ കടയിൽ നിന്ന് തന്നെ ഓണക്കിറ്റ് ലഭിക്കും