photo

ചേർത്തല: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തിനു മുന്നോടിയായി എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനാചരണം നടത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ പീത പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ, ഡയറക്ടർ ബോർഡ് അംഗം ടി.അനിയപ്പൻ എന്നിവർ പങ്കെടുത്തു.

ജയന്തി ദിനാഘോഷത്തിന്റെ മുന്നോടിയായി ശ്രീനാരായണീയരുടെ ഭവനങ്ങളിലും ശാഖാ ഓഫീസുകളിലും യൂണിയൻ ഓഫീസുകളിലും പീതപതാക ഉയർത്താൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തിരുന്നു. ഈ വർഷത്തെ ചതയദിനാഘോഷത്തിലും സമാധിദിനാചരണത്തിലും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രാർത്ഥനകളും ഉപവാസവും കഴിവതും അവരവരുടെ ഭവനങ്ങൾ കേന്ദ്രീകരിച്ച് നടത്തണമെന്നും ഗുരുദേവക്ഷേത്രങ്ങളിലെ ചടങ്ങുകളിലും അനുബന്ധ പ്രവർത്തനങ്ങളിലും സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന കൊവിഡ് നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണെന്നും വെള്ളാപ്പള്ളി അറിയിച്ചു.