അമ്പലപ്പുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മത്സ്യമേഖലയോടും, മത്സ്യത്തൊഴിലാളി സമൂഹത്തോടും, ഫിഷറീസ് വകുപ്പും മത്സ്യഫെഡും, ജില്ലാഭരണകൂടവും കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യ ബന്ധന നിരോധനത്തിന്റെ പേരിൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് തുടർന്നും തൊഴിലിന് പോകാൻ സാഹചര്യം ഒരുക്കിയില്ലെങ്കിൽ തീരദേശം മുഴുവൻ പട്ടിണിയിലാകും. തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ പ്രവർത്തനം പുന:രാരംഭിക്കണം. രാഷ്ട്രീയ താത്പര്യങ്ങളും ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ താത്പര്യങ്ങളും മാറ്റിവച്ച് നടപടികൾ സ്വീകരിക്കണമെന്ന് ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ. പ്രദീപും സെക്രട്ടറി ആർ.സജിമോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.