ഹരിപ്പാട്: രമേശ് ചെന്നിത്തലയുടെ ആസ്തി​ വികസന ഫണ്ടിൽ നിന്ന് ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളിയിലെ ഫിഷറീസ് ആശുപത്രിയുടെ കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടർക്ക് കത്ത് നല്കി. സുനാമി കാലത്ത് പകുതി നിർമ്മിച്ച് ഉപേക്ഷിച്ച് പോകുകയും പിന്നീട് പല പ്രാവശ്യം ശ്രമിച്ചിട്ടും ആ ഫണ്ട് വകമാറ്റി അമ്പലപ്പുഴ നിയോജക മണ്ഡലത്തിലേക്ക് കൊണ്ടുപോകുകയുമായി​രുന്നു. തുടർന്ന് കെട്ടിട നിർമ്മാണം ഉപേക്ഷിക്കപ്പെട്ടു. ആറാട്ടുപുഴ പ്രദേശത്തെ മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള ഫിഷറീസ് ആശുപത്രിയിൽ ഇപ്പോൾ ഡോക്ടറും സ്റ്റാഫും സേവനം നടത്തുന്നുണ്ടെങ്കിലും കെട്ടിടത്തിൻ്റെ അപര്യാപ്തത വലിയ പ്രശ്നമാണ്. ആറാട്ടുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിവേദനത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവ് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി വാങ്ങി സങ്കേതിക അനുമതിയോടെ കെട്ടിടം പണി ഉടൻ ആരംഭിക്കാൻ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ജില്ലാ കളക്ടർക്ക് കത്ത് നല്കിയത്.