ആലപ്പുഴ: ജില്ലയിൽ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓണത്തിന് ജില്ലയിൽ ആഗസ്റ്റ് 27 മുതൽ 30 വരെ 178 പച്ചക്കറിച്ചന്തകൾ നടത്തും.
വി എഫ് പി സി കെ യുടെതായി 10 സ്റ്റാളുകൾ, ഹോർട്ടികോർപ്പിന്റെ 60 സ്റ്റാളുകൾ എന്നിവയുണ്ടാവും. സ്റ്റാളുകൾ നടത്തുന്നവർ കൊവിഡ് ജാഗ്രത വെബ്സൈറ്റ് വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനം ഉപയോഗിക്കണമെന്ന് കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. ഉപഭോക്താക്കളുടെ പേരു വിവരങ്ങൾ സ്റ്റാളുകളിൽ ശേഖരിക്കണം. പച്ചക്കറി ചന്തകളിലെ തിരക്ക് കുറയ്ക്കാനായി കൂടുതൽ കൗണ്ടറുകൾ ഉറപ്പാക്കണം. ഉപഭോക്താക്കൾ സാമൂഹിക അകലം പാലിച്ചാണ് പച്ചക്കറി വാങ്ങാൻ ക്യൂ നിൽക്കുന്നത് എന്നും ഉറപ്പാക്കണം. ജീവനക്കാർക്കിടയിലും മാസ്ക്, സാനിട്ടൈസർ തുടങ്ങിയവ ഉറപ്പാക്കണം. ഹോർട്ടികോർപ്പിന്റെ തലവടി, കുമാരപുരം ഗോഡൗണുകളിൽ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ശുചിമുറിയും വിശ്രമ സൗകര്യവും ഒരുക്കണം.