മാവേലിക്കര: തട്ടാരമ്പലം വി.എസ്.എം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് മാനേജ്‌മെന്റ് ആരോപിച്ചു.
കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട ഡോക്ടർ അടക്കമുള്ള 42 ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഇവരിൽ കൊവിഡ് പോസിറ്റീവ് ആയവർ സർക്കാർ സംവിധാനത്തിലുള്ള ചികിത്സയിലാണ്. മറ്റുള്ളവർക്ക് മൂന്ന് തവണ പരിശോധന നടത്തിയപ്പോഴും കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ട് നിർദ്ദേശിച്ച മെഡിക്കൽ ഒബ്‌സർവറുടെ സാന്നിദ്ധ്യത്തിൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ള 340 ജീവനക്കാരുടെയും സ്രവ പരിശോധന നടത്തി ആർക്കും രോഗമില്ലെന്ന് കണ്ടെത്തിയതാണ്. തുടർന്ന് അണുവിമുക്തമാക്കിയശേഷമാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരെ പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ പരാതി നൽകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.