ചാരുംമൂട്: താമരക്കുളത്ത് അക്ഷയ സെന്റർ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 175 ഓളം പേർക്ക് കൊവിഡ് പരിശോധന നടത്തി. ആന്റിജൻ ടെസ്റ്റ് നടത്തിയവരിൽ ഒരാളുടെ റിസൾട്ട് പോസിറ്റീവാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരെ കൂടാതെ,താമരക്കുളം ജംഗ്ഷനിലും പരിസരങ്ങളിലും ഉള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യാപാരികൾ, ഡ്രൈവർമാർ തുടങ്ങിയവരുടെ പരിശോധനയാണ് നടന്നത്. 128 പേർക്ക് ആന്റിജൻ ടെസ്റ്റും 45 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റുമാണ് നടത്തിയത്.
ആന്റിജൻ പരിശോധന നടത്തിയവരിൽ ഒരു യുവാവിന്റെ റിസൾട്ടാണ് പോസിറ്റീവായത്. സൈനികനായ ഇയാൾ അവധിയ്ക്ക് നാട്ടിലെത്തി ക്വാറന്റെയിനിൽ കഴിഞ്ഞു വരികയായിരുന്നു.
45 പേർക്ക് ആർ.റ്റി.പി.സി.ആർ ടെസ്റ്റാണ് നടത്തിയത്. ഇവരുടെ പരിശോധനാ ഫലം പിന്നീടേ അറിയൂ. ഗൾഫിൽ നിന്നും എത്തി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന താമരക്കുളം കണ്ണനാകുഴി സ്വദേശിനിയായ 52 കാരിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി.