ചേർത്തല: തമിഴ്നാട് സ്വദേശിയായ യുവാവ് കുടുംബ വഴക്കിനെ തുടർന്ന് വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. അനുനയിപ്പിച്ച് താഴെ ഇറക്കിയപ്പോൾ അമ്മയും സഹോദരിയും പൊലീസിന് നേരെ കല്ലെറിഞ്ഞു.
മരുത്തോർവട്ടം ഭജന മഠത്തിന് വടക്ക് വശം ഇന്നലെ വൈകിട്ട് 5നാണ് സംഭവം. മരുത്തോർവട്ടം കണിയാം വെളിയിൽ താമസിക്കുന്ന തൂത്തുക്കുടി സ്വദേശി സുധാകരനാണ് (36) 11 കെ.വി വൈദ്യുത പോസ്റ്റിൽ കയറിയത്. നാട്ടുകാർ വിവരം അറിയിച്ചപ്പോൾ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.ചേർത്തലയിൽ നിന്ന് ഫയർഫോഴ്‌സും എത്തി. അനുനയിപ്പിച്ച് സുധാകരനെ നിലത്തിറക്കി. ഇയാളോട് വിവരങ്ങൾ തിരക്കുന്നതിനിടെയാണ് മാരാരിക്കുളം പൊലീസിന് നേരെ ഇയാളുടെ അമ്മയും സഹോദരിയും ചേർന്ന് കല്ലെറിഞ്ഞത്.അമ്മ ജെയ്‌സിലിയെ (60) പൊലീസ് അറസ്റ്റ് ചെയ്തു.