അടഞ്ഞ മാർക്കറ്റുകൾ പ്രധാന പ്രതിസന്ധി
ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ഓണവിപണി മാത്രം ലക്ഷ്യമിട്ട് കൃഷിയിറക്കിയവർ ദുരിതത്തിൽ.
ജൈവ കൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴി മേഖലയിൽ വെള്ളരി, തക്കാളി, മുളക്, പയർ, വഴുതന, വെണ്ട എന്നിവ വ്യാപകമായി നശിച്ചിരുന്നു. ഓണത്തിന് ഏറ്റവും ഡിമാൻഡുള്ള ഏത്ത, ഞാലിപ്പൂവൻ വിളവെടുപ്പാരംഭിച്ചെങ്കിലും വിപണി ലഭിക്കാത്തത് പ്രതിസന്ധിയാണ്. ലക്ഷങ്ങൾ മുടക്കി കൃഷി ഇറക്കിയവർക്ക് കൂലിച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. പ്രധാന മാർക്കറ്റുകൾ പലതും അടഞ്ഞു കിടക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഓണത്തോടനുബന്ധിച്ച് വാഴത്തോട്ടങ്ങൾ കച്ചവടക്കാരെത്തി മൊത്തത്തിൽ എടുക്കുകയായിരുന്നു പതിവ്. ഇത്തവണ പതിവ് തെറ്റി. ചിലയിടങ്ങളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് വാങ്ങി മാർക്കറ്റുകളിൽ വില്പന നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പ്രളയം കർഷകരെ ചതിച്ചപ്പോൾ ഇത്തവണ കൊവിഡ് ആണ് വിലങ്ങുതടിയായത്.
ജില്ലയിൽ പാലമേൽ, പത്തിയൂർ, കഞ്ഞിക്കുഴി, ഹരിപ്പാട്, എടത്വ, തകഴി, ജില്ലയുടെ വടക്കൻ മേഖലകളിലുമാണ് പ്രധാനമായും ഏത്തവാഴ കൃഷിയുള്ളത്. അപ്പർ കുട്ടനാട്ടിൽ കഴിഞ്ഞ കനത്തമഴയിൽ നേന്ത്രവാഴക്കൃഷി ഭാഗികമായി നശിച്ചിരുന്നു. വാഹനങ്ങൾ വിളിച്ച് കായ കയറ്റി മാർക്കറ്റുകളിൽ എത്തിച്ചാലും വില ലഭിക്കാത്ത സാഹചര്യമാണ്. ഉപ്പേരിക്ക് ആവശ്യക്കാർ കുറഞ്ഞതും ഏത്തക്കുല വിപണിയെ ബാധിക്കുന്നു.
..................................
ജൈവകർഷകർക്ക് വേണ്ടി സ്ഥിരമായുള്ള ക്ലസ്റ്ററിൽ തന്നെയാണ് ഇത്തവണയും കച്ചവടം. സ്ഥിരം ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നു. ഓൺലൈൻ കച്ചവടം നടത്തുന്നവർ വന്ന് സാധനങ്ങൾ വാങ്ങുന്നതാണ് ആശ്വാസകരം
സാനുമോൻ, കർഷകൻ, കാട്ടുകട ഹരിതക്ലസ്റ്റർ, തിരുവിഴ
........................................
മഴയിൽ കാര്യമായ നഷ്ടമുണ്ടായി. ബാക്കിയുള്ളവ വിളവെടുത്ത് കൃഷിവകുപ്പിന്റെ വിപണിയിലെത്തിക്കും. ഓണവില രണ്ടോ മൂന്നോ ദിവസമേ ലഭിക്കൂ. അതിൽ ലാഭമൊന്നും നോക്കിയിട്ട് കാര്യമില്ല
സുജിത്ത്, കർഷകൻ, കഞ്ഞിക്കുഴി
..............................
# വിലയിടിഞ്ഞു
വരവ് കായകൾ മാർക്കറ്റിൽ കിലോയ്ക്ക് 48 രൂപയ്ക്കാണ് ഇറക്കുന്നത്. ഉപഭോക്താക്കൾക്ക് പ്രിയം നാടൻ കായകളാണ്. കർഷകർ ഏത്തക്കുല പരമാവധി 60 രൂപ നിരക്കിലും, ഞാലിപ്പൂവൻ കിലോ 58 രൂപ നിരക്കിലുമാണ് വിൽക്കുന്നത്.
....................
# പ്രതിസന്ധികൾ
അടഞ്ഞു കിടക്കുന്ന മാർക്കറ്റുകൾ
വാഹനങ്ങളിൽ കൊണ്ടുവന്നുള്ള കച്ചവടം നഷ്ടം
സദ്യകൾ കുറഞ്ഞു
ഉപ്പേരിക്കു കായ എടുക്കുന്നവർ കുറഞ്ഞു