അമ്പലപ്പുഴ: ആലപ്പുഴ വാടയ്ക്കൽ സാഗര സഹകണ ആശുപത്രിയിൽ നടത്തിയ ആദ്യ ശ്വാസകോശ ശസ്ത്രക്രിയ വിജയിച്ചു. ശ്വാസകോശത്തിൽ പഴുപ്പ് അടിഞ്ഞ് സുഷിരം വീണതു മൂലം തുടർച്ചയായി വായു ലീക്ക് ചെയ്ത് രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് ഗുരുതരാവസ്ഥയിലെത്തിയ ആലപ്പുഴ കനാൽ വാർഡിലെ എം. എ .അബ്ദുൽ റഹ്മാൻ എന്ന 62 കാരനാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. പഴുപ്പു നിറഞ്ഞ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാധാരണ നിലയിലേക്ക് എത്തി​ക്കുകയായിരുന്നു .പ്രമുഖ കാർഡിയോ തൊറാസിക് സർജൻ ഡോ. എൻ. അരുണിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ സാഗരയിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ .ദീപ. ഒ.ടി​, ടീമംഗങ്ങളായ അശ്വതി, ശ്രുതി ,ജ്യോത്സ്ന, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ശസ്ത്രക്രിയയെ തുടർന്ന് സുഖം പ്രാപിച്ച് സാധാരണ ജിവിതത്തിലേക്ക് മടങ്ങിയ രോഗി ആശുപത്രി വിട്ടു .കേരളത്തിൽ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ശ്വാസകോശ ശസ്ത്രക്രിയ നടത്തുന്നുള്ളു. ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് ഒഴിച്ചു നിർത്തിയാൽ ശ്വാസകോശ ശസ്ത്രക്രിയ നടത്തുന്നതിനു സൗകര്യമുള്ള എക ആശുപത്രിയാണ് സാഗര ആശുപത്രി .വളരെ കുറഞ്ഞ ചെലവിൽ ഹൃദയ - ശ്വാസകോശ ശസ്ത്രക്രിയകൾ നടത്തുന്നതിന് സാഗര ആശുപത്രി സുസജ്ജമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.