ചേർത്തല: കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനം അശാസ്ത്രീയമാണെന്നും പുന:പരിശോധിക്കണമെന്നും കണ്ടമംഗലം ക്ഷേത്ര സമിതി ആവശ്യപ്പെട്ടു.
കൊവിഡ് കേസുകൾ ഇല്ലാത്ത വാർഡുകളെയും ഉള്ള വാർഡുകളെയും ഒരേപോലെ കണ്ട് ലാർജ് ക്ലസ്റ്റർ ആക്കിയതിനാൽ കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായി. കടക്കരപ്പള്ളി പഞ്ചായത്തിലെ 1, 7, 14 വാർഡുകളിൽ മാത്രമാണ് കൊവിഡ് കേസുകൾ അധികമുള്ളത്. ഒരു കേസ് പോലും ഇല്ലാത്ത വാർഡുകളിലെ ജനങ്ങളും ദുരിതമനുഭവിക്കുകയാണ്.പരമാവധി നിയന്ത്റണങ്ങൾ ഒഴിവാക്കി ജനങ്ങൾക്ക് ജോലിക്ക് ഉൾപ്പെടെ പോകാനുള്ള അനുവാദം ഒരുക്കണമെന്ന് ക്ഷേത്രസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഡി. ഗഗാറിൻ അദ്ധ്യക്ഷനായി,വൈസ് പ്രസിഡന്റ് എൻ.എൻ.സജിമോൻ, ട്രഷറർ സജേഷ് നന്ദ്യാട്ട്,സ്‌കൂൾ മാനേജർ കെ.ഷാജി എന്നിവർ സംസാരിച്ചു.
നിവേദനം നൽകി
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾ പുന:പരിശോധിച്ച് അവശ്യമായ ഇളവുകൾ പ്രഖ്യാപിക്കന്നമെന്ന് ആവശ്യപ്പെട്ട് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുളള മന്ത്രി ജി.സുധാകരനും നിവേദനം നൽകി. കൊവിഡ് സാമൂഹ്യ വ്യാപനം തടയാൻ സർക്കാർ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാണെങ്കിലും പല സ്ഥലങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണ്. കടക്കരപ്പള്ളി,പട്ടണക്കാട് പഞ്ചായത്തുകൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ മരുന്നുകൾ ഈ പ്രദേശങ്ങളിൽ എത്തിക്കാൻ സിവിൽ സപ്ലൈസ്,കൺസ്യൂമർ ഫെഡ് സ്ഥാപനങ്ങളുടെ സെയിൽസ് വാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് യോഗം നിവേദനത്തിലൂടെ അവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.രാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ രാഷ്ട്രീയ റിപ്പോർട്ടിംഗ് നടത്തി. വി.കെ.അംബർഷൻ,യു.കെ.കൃഷ്ണൻ,റെജി റാഫേൽ,വി.ഡി. രതീഷ്,പി.സി.സന്തോഷ്,എൻ.പ്രകാശൻ, ശശീന്ദ്രൻ,എ.വിജയരാജൻ,രാജു കട്ടത്തറ,രാധാഭായി ജയചന്ദ്രൻ, സജിമോൻ എന്നിവർ പങ്കെടുത്തു.