ആലപ്പുഴ: ഓണം എത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി എല്ലാ ജില്ലകളിലും മത്സ്യബന്ധനത്തിനും വിപണനത്തിനും അനുവാദം നൽകണമെന്ന് ധീവരസഭ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ചില ജില്ലകളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും അനുവാദം നൽകുകയും കൊവിഡ് വ്യാപനം രൂക്ഷമല്ലാത്ത ആലപ്പുഴ പോലെയുള്ള ജില്ലകളിൽ മത്സ്യബന്ധനവും വിപണനവും നിരോധിക്കുന്ന അവസ്ഥയാണുള്ളത്. മത്സ്യത്തിന് ഏറ്റവും നല്ല വില ലഭിക്കുന്ന ഈ സമയത്ത് മത്സ്യബന്ധനത്തിന് അനുവാദമുള്ള ഹാർബറുകളിൽ പോലും മത്സ്യ വ്യാപാരികളെ ഹാർബറിലേയ്ക്ക് കടത്തിവിടാത്തതുമൂലം മത്സ്യത്തിന് നാമമാത്രമായ വിലയാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. മത്സ്യം വാങ്ങാൻ ഹാർബറുകളിൽ ആളില്ലാത്തതു മൂലം ചില മത്സ്യത്തൊഴിലാളികൾ കിട്ടുന്ന വിലയ്ക്ക് കൊടുക്കുകയും അതിനും വ്യാപാരികൾ എത്താത്ത സാഹചര്യത്തിൽ കടലിൽ തന്നെ കോരിക്കളയുന്ന അവസ്ഥയുമുണ്ട്. ഇത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.