ആലപ്പുഴ: കണ്ടാൽ ഭീകര ലുക്കാണ്. എന്നാൽ ഇവരുടെ പ്രവർത്തനങ്ങൾ കാരുണ്യം നിറഞ്ഞവയാണ്. കൊല്ലം ജില്ലയിലെ താടിക്കാരുടെ കൂട്ടായ്മയായ കേരളാ ബിയേർഡ് സൊസൈറ്റിയിലെ അംഗങ്ങളാണ് കഥാപാത്രങ്ങൾ.
പത്ത് ദിവസം കൊണ്ട് കോയിൻ ചലഞ്ചിലൂടെ 35,000 ത്തിലധികം രൂപ സമാഹരിച്ച ഇവർ നിർദ്ധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് ടി വി നൽകി. കോവിഡ് കാലത്തെ ഓൺലൈൻ പഠന സഹായത്തിനായാണ് ടിവി നൽകിയത്.
കെ.ബി.എസ് സംസ്ഥാനതല എക്സിക്യൂട്ടിവ് മെമ്പർമാരായ ഹാരിസ് , സുമൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അശ്വന്ത് , സെക്രട്ടറി സുനിൽ, മെമ്പർമാരായ വിനായകൻ, മനീഷ്, അൻഷാദ്, റാഫി, ഷംനാദ്, അനന്ദു, രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം യുവാക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും ശ്രമഫലമായാണ് കോയിൻ ചലഞ്ചിലൂടെ തുക കണ്ടെത്തിയത്.
ഇവർക്ക് സഹായമായി ഇരവിപുരം സി. ഐ വിനോദ് കുമാർ, കിളികൊല്ലൂർ സി. ഐ അനിൽ കുമാറും ഉണ്ടായിരുന്നു. മുൻപും സമൂഹത്തിന് മാതൃകയാകുന്ന നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അച്ചൻകോവിൽ ഗവ. സ്കൂളിലെ 1 മുതൽ 4 വരെ ഉള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സമ്പൂർണ പഠന കിറ്റുകൾ നൽകിയിരുന്നു.
കുടുക്ക നൽകി, പണം കണ്ടെത്തി
മുൻ വർഷങ്ങളിൽ ഇത്തരം പ്രവർത്തനകൾക്ക് വേണ്ട തുക മെമ്പർമാർ തന്നെ സ്വന്തം വരുമാനത്തിൽ കണ്ടെത്തുകയായിരുന്നു . എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പലർക്കും വരുമാനം നിലച്ചപ്പോൾ കെ. ബി. എസ് മെമ്പർമാർ തങ്ങളുടെ സുഹൃത്തുക്കളെ കൂടി ഉൾപ്പെടുത്തി. ഓഗസ്റ്റ് ഒന്നിന് എല്ലാവർക്കും ഓരോ വഞ്ചികൾ കൊടുത്തു. അതിൽ നിക്ഷേപിച്ച പൈസ എല്ലാം സ്വരുക്കൂട്ടി ആ തുകയ്ക്ക് വാങ്ങിയ ടി വികൾ സ്വാതന്ത്ര്യ ദിനത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.