ഹരിപ്പാട്: കരുണ സാമൂഹികവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ കർഷകദിനാചരണത്തിന്റെ ഭാഗമായി യുവ കർഷകനെ ആദരിച്ചു. ഹരിപ്പാട് ഹരിഭവനിൽ സോമൻപിള്ള-ഗീത ദമ്പതികളുടെ മകനും യൂത്ത്കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റുമായ കെ. എസ്. ഹരികൃഷ്ണനെയാണ് ആദരിച്ചത്. 2016 ൽ ഒരേക്കർ പാട്ടഭൂമിയിൽ നെല്ല്, വാഴ, പടവലം, പാവൽ, പയർ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തുകൊണ്ടാണ് തുടക്കം. ഇടവേളകളിൽ എള്ളും കൃഷി ചെയ്തു. കർഷകകോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. കരുണ പ്രസിഡന്റ് എൻ. രാജ്‌നാഥ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ബി.ബാബുരാജ്, കെ.കെ.രാമകൃഷ്ണൻ, കരുണ സെക്രട്ടറി കെ.രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.