കായംകുളം: മത്സ്യവ്യാപാരിയായ സി.പി.എം എരുവ ലോക്കൽ കമ്മിറ്റി അംഗത്തെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ വെറ്റ മുജീബ് ഒളിവിൽ. ഇയാളുടെ സംഘത്തിലുള്ള വിഠോബാ ഫൈസലിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. എം.എസ്.എം ഹൈസ്കൂളിനു സമീപം വൈദ്യൻ വീട്ടിൽ സിയാദാണ് (35) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ കായംകുളത്ത് ഹർത്താൽ ആചരിച്ചു.
കായംകുളം എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിന് സമീപം രാത്രി പത്തിന് സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ നിൽക്കുകയായിരുന്ന സിയാദിനെ ബൈക്കിലും കാറിലുമായെത്തിയ ആറംഗ സംഘമാണ് അക്രമിച്ചത്. ഇതിൽ നാലുപേരെ തിരിച്ചറിഞ്ഞു. കാറ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.
ഫൈസൽ എന്നയാൾ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന വെറ്റ മുജീബാണ് സിയാദിനെ കത്തിക്ക് ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകി. കുത്തേറ്റു വീണ സിയാദിന്റെ നെഞ്ചിൽ കയറിയിരുന്നു ആറ് തവണ കുത്തി മരണം ഉറപ്പാക്കി. ഇതോടെ കാറിലുണ്ടായിരുന്നവർ ഓടിച്ചുപോയി.
ഒപ്പമുണ്ടായിരുന്നവർ സിയാദിനെ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിനും ഹൃദയത്തിനും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം.
സംഭവസമയം ഇതുവഴി വന്ന കായംകുളം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെ തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആ ബൈക്കിന്റെ പിന്നിലാണ് വെറ്റ മുജീബ് രക്ഷപ്പെട്ടത്. മുജീബിനെ വീട്ടിൽ വിട്ടതായി നിസാം പൊലീസിനോട് പറഞ്ഞു. സിയാദിന്റെ സുഹൃത്തായ എരുവ കോയിക്കൽ പടിക്കൽ തുണ്ടിൽ റജീസിനെയും സംഘം പിന്നീട് ആക്രമിച്ചു. ഇയാൾക്ക് പുറത്ത് കുത്തേറ്റു.
പ്രതിയുടെ വീടാക്രമിച്ചു
രോഷാകുലരായ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിൽ വച്ച് പൊലീസിനെതിരെ തിരിഞ്ഞു. വെറ്റ മുജീബിന്റെ എരുവയിലുള്ള വാടക വീടും ആക്രമിച്ചു. നഗരത്തിൽ പലയിടത്തും സംഘർഷാവസ്ഥയുണ്ട്.
തമിഴ്നാട് തേനി സ്വദേശിയായ ശർക്കര വ്യാപാരി രാജേന്ദ്രസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊന്നതും, കൊറ്റുകുളങ്ങരയിൽ തട്ടുകടയ്ക്ക് നേരെ ബോംബെറിഞ്ഞ് യുവാവിനെ വെട്ടിയതുമുൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് വെറ്റ മുജീബ്. കാപ്പ പ്രകാരം തടവിലായിരുന്ന ഇയാൾ മൂന്ന് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഷൈജു ഇബ്രഹിം എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.