ആധുനിക മെഷീനുകൾ തുരുമ്പിക്കുന്നു
ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ അധീനതയിലുള്ള ജനറൽ ആശുപത്രിയിൽ മൈക്രോബയോളജി, ആധുനിക രക്തബാങ്ക് എന്നിവയ്ക്കായി ഒന്നരവർഷം മുമ്പ് വാങ്ങിയ മെഷീനുകൾ തുരുമ്പെടുത്തു നശിക്കുന്നു. കെട്ടിടം നവീകരിക്കാത്തതിനാൽ ഈ യന്ത്രങ്ങൾ സ്ഥാപിക്കാനിടമില്ലാത്ത സാഹചര്യമാണുള്ളത്.
2018ൽ മൈക്രോബയോളജി ലാബിനും ആധുനിക രക്തബാങ്കിനും വേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് യന്ത്രങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് വർഷമായി ഇത് ആശുപത്രിയിൽ വിശ്രമത്തിലാണ്. മാനദണ്ഡങ്ങൾ പ്രകാരം കെട്ടിടത്തിൽ വൈദ്യുതീകരണം നടത്താത്തതിനാലാണ് ഇവ രണ്ടും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായത്. പലതവണ പദ്ധതി സമർപ്പിച്ചെങ്കിലും കെട്ടിടം നവീകരണത്തിന് ആവശ്യമായ പണം ലഭ്യമായില്ല. രക്തബാങ്ക് പ്രവർത്തിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ അനുശാസിക്കുന്ന തരത്തിൽ മുറി സജ്ജീകരിക്കണം. രക്തത്തിലെ പ്ളേറ്റ്ലറ്റുകൾ തരംതിരിക്കാൻ കഴിയുന്ന അത്യാധുനിക മെഷീനാണ് ആശുപത്രിയിൽ തുരുമ്പിച്ചുകൊണ്ടിരിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞിട്ടും ജീവനക്കാരെ നിയമിക്കാത്തതിനാൽ ട്രോമാകെയർ യൂണിറ്റ് പൂട്ടിക്കിടക്കുകയാണ്. പുതുതായി ആരംഭിക്കുന്ന കാത്ത് ലാബിലും കാർഡിയോളജി വിഭാഗത്തിലും പാലിയേറ്റിക് വാർഡിലും ഡോക്ടർമാരെയും മൂന്ന് നഴ്‌സുമാരേയും നിയമിക്കുമെന്ന് ഏഴുമാസം മുമ്പ് ആരോഗ്യ-ധനകാര്യമന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും ഒരാളെയും നിയമിച്ചിട്ടില്ല.
കിടക്കാൻ ഇടമുണ്ട്, ആളില്ല
18 വിഭാഗങ്ങളിലായി 400 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുള്ള ആശുപത്രിയിൽ 150ൽ താഴെ രോഗികൾ മാത്രമാണുള്ളത്. 2009ൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനത്തെക്ക് മാറ്റിയപ്പോൾ നഗരത്തിലെ ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തിയെങ്കിലും ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ മാത്രമേയുള്ളു. ഒരുവർഷം മുമ്പ് തുടങ്ങിയ ഡയാലിസിസ് യൂണിറ്റ് മാത്രമാണ് ആശുപത്രിയിൽ കാര്യമായി പ്രവർത്തിക്കുന്നത്. ജീവനക്കാർ മൂന്നു ഷിഫ്റ്റിലായി പ്രതിദിനം 24 പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. ഇത് നാല് ഷിഫ്റ്റാക്കാനുള്ള പരിശ്രമത്തിലാണ്.
.......................................
# പ്രതീക്ഷയോടെ
പുതിയ 7 നില കെട്ടിടത്തിന് തറക്കല്ലിട്ടു
117 കോടിയുടെ പദ്ധതി
ഒ .പി, നഴ്‌സിംഗ് വിഭാഗങ്ങൾ,ഫാർമസി, ലാബ്, എക്‌സ്‌റേ, സി ടി സ്‌കാൻ സൗകര്യങ്ങൾ
പ്രായമായവർക്കായി പ്രത്യേക വാർഡ്
ഒ.പി വിഭാഗങ്ങളെല്ലാം ഈ കെട്ടിടത്തിലാക്കും
നിലവിലെ നിർമ്മാണ തടസം കൊവിഡ്
................................
നഗരസഭയുടെ മേൽനോട്ടത്തിലാണ് ജനറൽ ആശുപത്രി.നിലവിലുള്ള മോർച്ചറി കെട്ടിടത്തിൽ ശീതീകരണ സംവിധാനത്തോടെ പ്രവർത്തനം സജ്ജമാക്കി. ജീവനക്കാരെ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റുമോർട്ടം ആരംഭിക്കും.
ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ, ആലപ്പുഴ നഗരസഭ