ആകെ ഇതുവരെ 21പേരുടെ ജീവൻ

കൊവിഡ് കവർന്നു

ആലപ്പുഴ: ഒരാഴ്ചയായി ജില്ലയിലെ കൊവിഡ് രോഗി​കളുടെ എണ്ണം നൂറ് കടന്നതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. കഴിഞ്ഞ ഏഴു ദിവസത്തെ കണക്ക് പരിശോധിച്ചാൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ജില്ലയിൽ ഇന്നലെ ഒരുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ 21പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് കവർന്നത്. ആലപ്പുഴ നഗരസഭയിലെ കനാൽ വാർഡിൽ ക്ളീറ്റസ്(82)ആണ് ഇന്നലെ മരിച്ചത്.

വ്യക്തമായ പ്രവർത്തന പദ്ധതിയില്ലാത്തതിനാൽ സമ്പർക്കവ്യാപനം തടയാൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. ഒന്നരമാസത്തിനുള്ളിലാണ് സമ്പർക്കത്തിലൂടെ രോഗി​കളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായത്. നൂറനാട് ഐ.ടി.ബി.പി ക്യാമ്പ്, ചെട്ടികാട്, കടക്കരപ്പള്ളി, പള്ളിപ്പാട്, കായംകുളം, അരൂർ, പട്ടണക്കാട്, ആലപ്പുഴ നഗരസഭ, ആറാട്ടുപുഴ, പുന്നപ്ര, അമ്പലപ്പുഴ, മാന്നാർ, ചെങ്ങന്നൂർ, തൃക്കുന്നപ്പുഴ, കരുവാറ്റ എന്നീ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലാണ് സമ്പർക്കത്തിലൂടെ രോഗവ്യാപന കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരിശോധനയ്ക്കായി ആരോഗ്യ വകുപ്പും റവന്യു, പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമായ പരിശോധന ഒരിടത്തും നടക്കുന്നില്ലെന്ന് പരാതി​യുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മാർക്കറ്റുകളിലും ബാങ്കുകളിലും പൊതുനിരത്തുകളിലും പോകുന്നത് തടയാൻ ആശാവർക്കർമാർക്കോ വാർഡുതല ജാഗ്രതാ സമിതികൾക്കോ കഴിയാത്ത സംഭവങ്ങളുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ആരോഗ്യ വകുപ്പിലെ ജില്ലാതലത്തിലോ പ്രാദേശിക മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയോ ബന്ധപെടാൻ ഫോൺ വിളിച്ചാൽ എടുക്കാറുമില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ജില്ലയിൽ ആരോഗ്യ വകുപ്പ് പ്രതിദിനം പുറത്ത് വിടുന്ന കണക്കുകൾ പൂർണമല്ലെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കായ 18പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ നഗരത്തിലെ എ.എൽ പുരം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 11പേർക്ക് കോവിഡ് പോസിറ്റീവ് ആയതോടെ നിലവിൽ വഴിച്ചേരിമാർക്കറ്റ് നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.


#കണ്ടെയ്‌മെന്റ് സോണുകൾ

ചേർത്തല, കായംകുളം, ആലപ്പുഴ, ചെങ്ങന്നൂർ നഗരസഭകൾ ജില്ലയിലെ 33പഞ്ചായത്തുകളുടെ വിവിധ വാർഡുകൾ, കടക്കരപ്പള്ളി, പട്ടണക്കാട്, പത്തിയൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും നിലവിൽ കണ്ടെയ്‌ൻമെന്റ് സോണുകളാണ്.

#lക്‌ളസ്റ്റർ സോണുകൾ

കായംകുളം നഗരസഭ, നൂറനാട് ഐ.ടി.ബി.പി, എഴുപുന്ന എ.എഫ്.ഡി.സി കമ്പനി, മാവേലിക്കര കുറത്തികാട്, തുമ്പോളി, ചേർത്തല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, പള്ളിപ്പാട്, കടക്കരപ്പള്ളി, ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷൻ, അമ്പലപ്പുഴ തെക്ക്, ചേർത്തല തെക്ക്, അമ്പലപ്പുഴ തെക്ക്, പാണവള്ളി, പള്ളിത്തോട്, വെട്ടയ്ക്കൽ, ചെട്ടികാട്, പുന്നപ്ര നോർത്ത്.