ആലപ്പുഴ: കൊവിഡ് ബാധിച്ച് ആലപ്പുഴ നഗരസഭയിലെ കനാൽ വാർഡ് നാലുതൈക്കൽ വീട്ടിൽ ക്ളീറ്റസ് (82) മരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് മരണം 21 ആയി.
പനിയെത്തുടർന്ന് കഴിഞ്ഞ 15ന് ക്ളീറ്റസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഡോക്ടർ മരുന്ന് നൽകിയ ശേഷം വീട്ടിലേക്കയച്ചു. പനി കുറയാതിരുന്നതിനാൽ 17ന് വീണ്ടും ആശുപത്രിയിൽ എത്തി. അന്നും മരുന്ന് നൽകിയ ശേഷം രക്തസാമ്പിൾ പരിശോധനയ്ക്കായി എടുത്തു. 18ന് രാത്രി ഏഴുമണിയോടെ വീട്ടിൽ വച്ച് മരണം സംഭവിച്ചു. വീട്ടുകാർ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. കൊവിഡ് ഫലം പോസിറ്റീവ് ആണെന്ന് പുലർച്ചെ ഒരുമണിയോടെയാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്.
മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ രാവിലെ 10 മണിയോടെ ആലപ്പുഴ വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് അസീസ് ചർച്ചിൽ സംസ്കരിച്ചു. ഭാര്യ: വിക്ടോറി. മക്കൾ: ഇഗ്നേഷ്യസ്, ജോർജ്, ഗ്രേസി, റോസമ്മ. മരുമക്കൾ: ആഞ്ചലോസ്, ബെന്നി, ഷൈനി. ക്ളീറ്റസിന്റെ കുടുംബാംഗങ്ങളും ഇദ്ദേഹവുമായി അടുത്ത് ഇടപെട്ടവരും വീടുകളിൽ ക്വാറന്റൈനിലാണ്.