s

 മാതൃകയായി സഹീറും നജീബും

ആലപ്പുഴ: കൊവിഡിൽ കുടുങ്ങി നഷ്ടപ്പെട്ട ജോലി ഉടനെങ്ങും തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെ സഹീറും (27), നജീബും (25) നേരേ ഇറങ്ങിയത് തെരുവിലേക്ക്! ചിപ്സ്, ശർക്കരവരട്ടി, കശുഅണ്ടി... കച്ചവട സാധനങ്ങളുടെ ലിസ്റ്റ് ഇങ്ങനെ നീളുന്നു. പ്രതിസന്ധിയിൽ നിരാശരായി പകച്ചുനിൽക്കാതെ പുതിയൊരു പാതയിലൂടെ ജീവിതം മുന്നോട്ടു നീക്കുന്ന ഈ യുവാക്കൾ പ്രചോദനമാണ്.

ആര്യാട് സ്വദേശികളായ എൻജിനീയറിംഗ് ബിരുദധാരി എസ്.സഹീറും (27) ബി.ബി.എ പാസായ റിൻഷാദ് നജീബും (25) ആലപ്പുഴ-ചങ്ങനാശേരി റോഡിലെ തണലിലാണ് കച്ചവടം നടത്തുന്നത്. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്നു സഹീർ. ബംഗളുരു വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്നു റിൻഷാദ്. കഴിഞ്ഞ ആറ് മാസമായി തൊഴിൽ രഹിതരാണ്. അച്ഛനമ്മമാരും സഹോദരങ്ങളുമടങ്ങുന്ന കുടുംബങ്ങൾക്ക് വലിയ ആശ്രയമായിരുന്നു ഇവരുടെ വരുമാനം. എന്നാൽ ഒറ്റയടിക്ക് എല്ലാം നിലച്ചതോടെ കുടുംബങ്ങളുടെ സാമ്പത്തിക നില താളം തെറ്റി. നിരവധി സ്ഥലങ്ങളിൽ ജോലി തേടിയെങ്കിലും നിരാശയായിരുന്നു ഫലം. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസിലാക്കിയതോടെയാണ് നാട്ടുകാരും സുഹൃത്തുക്കളുമായ ഇരുവരും ചേർന്ന് ഉപ്പേരി കച്ചവടത്തിലേക്ക് തിരിഞ്ഞത്.

ആലപ്പുഴ നഗരത്തിലെ മൊത്തക്കച്ചവട കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. കാര്യമായ കച്ചവടം ലഭിച്ചുതുടങ്ങിയിട്ടില്ല. അതിനിടെ, കച്ചവട സ്ഥലത്ത് സാമൂഹിക അകലം പാലിച്ചില്ലെന്ന പേരിൽ കഴിഞ്ഞ ദിവസം പൊലീസെത്തി 200 രൂപ പിഴയുമടപ്പിച്ചു! സദാസമയം മാസ്ക് ധരിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് സാനിട്ടൈസർ നൽകിയ ശേഷമാണ് കച്ചവടം. കൊവിഡ് വരുത്തിവെച്ച വലിയ പ്രതിസന്ധികളെ ചെറുതായെങ്കിലും വകഞ്ഞുമാറ്റാൻ പുതിയ തൊഴിൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കൂട്ടുകാർ.