ആലപ്പുഴ : ഓർഡറുകൾ കുറഞ്ഞതിനെത്തുടർന്ന് കയർമേഖലയിൽ ചകിരിയിൽ ചായം പൂശുന്ന ജോലിചെയ്തിരുന്ന ചെറുകിടസംരംഭകർ പിൻവാങ്ങുന്നു. പുത്തൻ ഡിസൈനുകളും, ആധുനിക സാങ്കേതിക വിദ്യകളുമായി വലിയ കമ്പനികൾ രംഗപ്രവേശം നടത്തിയതോടെയാണ് തറികളിൽ മുമ്പുണ്ടായിരുന്ന ചകിരിയിലെ ചായം പൂശൽ അന്യംനിന്നു തുടങ്ങിയത്.
ചിത്രം ഗ്രാഫ് പേപ്പറിൽ വരച്ച്, അതിൻപ്രകാരം ചായം പൂശിയ ചകിരി ഉപയോഗിച്ച് നെയ്തെടുത്താണ് തറികളിൽ തടുക്ക് തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കുമ്പോൾ നെയ്‌ത്ത് കൂലി കൂടും. നൂതന പ്രിന്റിംഗ് സംവിധാനങ്ങൾ നിലവിൽ വന്നതോടെ ചെറുകിടക്കാർക്ക് ലഭിക്കുന്ന ഓർഡറുകൾ ചുരുങ്ങി. ബ്ലീച്ച് ചെയ്ത് വെളുപ്പിച്ച ചകിരിക്കാണ് ഇപ്പോൾ ആവശ്യക്കാരുള്ളതെന്ന് സംരംഭകർ പറയുന്നു. കൊവിഡ് എത്തിയതോടെ ഡിസൈനർ തടുക്കുകളുടെ കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. വിവിധ തറികളിലും, സൊസൈറ്റികളിലും സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. കോർപ്പറേഷനുകൾ നേരിട്ട് നൽകുന്ന ഓർഡറുകളാണ് തറികൾക്ക് ലഭിക്കാറുള്ളത്. നൂതന സാങ്കേതിക വിദ്യകളും, തടുക്കുകളിൽ തന്നെ പ്രിന്റ് ചെയ്യാനുള്ള സംവിധാനവും വന്നതോടെയാണ് തറികളിലെ കളർ തടുക്കുകൾക്ക് ആവശ്യക്കാരില്ലാതായത്. ചകിരി നിറം പൂശി എടുക്കുന്നതിന് പകരം, തടുക്ക് നിർമ്മാണത്തിന് ശേഷം, ഇഷ്ടമുള്ള ഡിസൈൻ നൽകാമെന്നതാണ് ആധുനിക സംവിധാനങ്ങളുടെ മേന്മ.
കളർ ചകിരി
ചകിരിയിൽ നിറം പൂശിയെടുക്കുന്നത് തറികളിൽ തന്നെയായിരുന്നു. നിറങ്ങളിൽ മുക്കിയെടുക്കുന്ന ചകിരി 15 മിനിട്ടോളം തിളച്ച വെള്ളത്തിൽ മുക്കിവയ്ക്കും. ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നതിനാൽ ഇത്തരം ചകിരിയിൽ നിന്ന് ഉടനൊന്നും കളർ നഷ്ടമാകില്ലെന്നതും പ്രത്യേകതയാണ്. എന്നാൽ ആധുനിക സൗകര്യങ്ങൾ നിലവിൽ വന്നതോടെ ഇത് വഴിമാറി.
ഓർഡർ ജിയോ ടെക്സ്റ്റയിൽസിന്
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളിൽ ഉൾപ്പെടുത്തി ജിയോ ടെക്സ്റ്റയിൽസ് സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങളുള്ളതിനാൽ അതിനുള്ള ഓർഡറുകൾ തറികളിൽ ലഭിക്കുന്നുണ്ട്. കൂടാതെ തമിഴ്നാട്ടിലെ റോഡ് പണിക്കായും ജിയോ ടെക്സ്റ്റയിൽ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കുള്ള ഓർഡറുകൾ ലഭിക്കുന്നതാണ് പേരിനെങ്കിലും ആശ്വാസമെന്ന് കയർ സൊസൈറ്റി ഭാരവാഹികൾ പറയുന്നു.
........................
ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കാണ് ഓരോ സൊസൈറ്റികളിലും, തറികളിലും കെട്ടിക്കിടക്കുന്നത്. ഇവ അടിയന്തരമായി ഏറ്റെടുക്കാനുള്ള നടപടികൾ കൈക്കൊള്ളണം
- പി.ജെ.സേവ്യർ, ചെയർമാൻ, കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, പാതിരപ്പള്ളി മണ്ഡലം